മധ്യപ്രദേശിലെ ഗുണ ജില്ലയിൽ പരീക്ഷയിൽ തോറ്റാൽ വീട്ടിൽനിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയ അച്ഛനെ വെട്ടിക്കൊന്ന പത്താംക്ലാസുകാരൻ അറസ്റ്റിൽ. പരീക്ഷയിൽ തോറ്റാൽ വീട്ടിൽനിന്ന് പുറത്താക്കുമെന്ന് ഭയത്താലാണ് അച്ഛനെ കൊലപ്പെടുത്തിയതെന്നാണ് 15കാരൻ മൊഴി മൊഴി നല്‍കി.
ഏപ്രിൽ രണ്ടിന് രാത്രിയോടെയാണ് സംഭവം. ഉറങ്ങുകയായിരുന്ന അച്ഛനെ മകൻ കോടാലി കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. കൊലപാതകത്തിന് പിന്നിൽ അയൽക്കാരനാണെന്ന് വരുത്തിതീർക്കാനും 15‑കാരൻ ശ്രമിച്ചു. അയൽക്കാരനും കുട്ടിയുടെ കുടുംബവും തമ്മിൽ നേരത്തെ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇത് മുതലെടുത്താണ് കൊലപാതക കേസിൽ അയൽക്കാരനെ കുടുക്കാൻ ശ്രമിച്ചത്.
അച്ഛനെ കൊന്നത് അയൽക്കാരനാണെന്നും കൊല നടത്തിയ ശേഷം ഇയാൾ വീട്ടിൽനിന്ന് ഓടിപ്പോകുന്നത് താൻ കണ്ടെന്നുമായിരുന്നു കുട്ടി പൊലീസിന് ആദ്യം മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അയൽക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. ഫൊറൻസിക് പരിശോധന ഫലം പുറത്തുവന്നതോടെയാണ് പൊലീസിന് കൂടുതൽ സംശയം തോന്നിയത്.
പഠിക്കാത്തതിന് അച്ഛൻ പതിവായി വഴക്കുപറഞ്ഞിരുന്നതായാണ് 15‑കാരന്റെ മൊഴി. പരീക്ഷയിൽ തോറ്റാൽ വീട്ടിൽനിന്ന് പുറത്താക്കുമെന്നും ഭീഷണിപ്പെടുത്തി. അടുത്തിടെ നടന്ന പരീക്ഷയ്ക്ക് താൻ ഒന്നും പഠിച്ചിരുന്നില്ല. അതിനാൽ പരീക്ഷയിൽ തോൽക്കുമെന്ന് കരുതിയെന്നും തോറ്റാൽ അച്ഛൻ ശാസിക്കുമെന്ന് ഭയന്നിരുന്നതായും കുട്ടി പൊലീസിനോട് പറഞ്ഞു.
സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് സൂപ്രണ്ട് രാജീവ് മിശ്ര അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ കുട്ടിയെ പിന്നീട് ജുവനൈൽ ഹോമിലേക്ക് അയച്ചു.
English summary;A 15-year-old man hacked his father to death after threatening to kick him out of the house if he failed the exam
You may also like this video;