കേരള സർവകലാശാല സെനറ്റിലെ വിദ്യാർത്ഥി മണ്ഡലത്തിലേക്ക് എബിവിപിക്കാരെ നാമനിർദേശം ചെയ്ത ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. സെനറ്റിലേക്ക് നാമനിർദേശം നടത്താൻ ചാൻസലർക്ക് അമിതവും അനിയന്ത്രിതവുമായ അധികാരങ്ങളില്ലെന്നും ചട്ടങ്ങൾ മറികടന്നാണ് നിയമനം നടത്തിയതെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് സി പി മുഹമ്മദ് നിയാസിന്റെ ഉത്തരവ്. ഹർജിക്കാരെ കൂടി പരിഗണിച്ച് ആറാഴ്ചയ്ക്കകം പുതിയ നാമനിർദേശം നടത്താനും കോടതി നിർദേശിച്ചു.
ചാൻസലർ നടത്തിയ നാമനിർദേശങ്ങൾ ചോദ്യം ചെയ്ത് സർവകലാശാലാ പട്ടികയിൽ ഉൾപ്പെട്ട അരുണിമ അശോക്, ടി എസ് കാവ്യ, നന്ദകിഷോർ, പി എസ് അവന്ത് സെൻ എന്നിവർ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. ഇവർക്ക് പകരം എബിവിപി പ്രവർത്തകരായ അഭിഷേക് ഡി നായർ (ഹ്യുമാനിറ്റീസ്), എസ് എൽ ധ്രുവിൻ (സയൻസ്), മാളവിക ഉദയൻ (ഫൈൻ ആർട്‌സ്), സുധി സുധൻ (സ്പോർട്‌സ്) എന്നിവരെ നാമനിർദേശം ചെയ്ത ചാൻസലറുടെ നടപടിയാണ് കോടതി റദ്ദാക്കിയത്.
നോമിനേഷന് പ്രത്യേക നടപടിക്രമങ്ങളില്ലെന്ന ചാൻസലറുടെ വാദം ശരിയാണെങ്കിലും നിയമനങ്ങൾ ചട്ടങ്ങൾ മറികടന്നാകരുതെന്ന് കോടതി ചൂണ്ടിക്കാട്ടി. നാമനിർദേശം ചെയ്യുന്നവർ അതാത് മേഖലയിൽ കഴിവുതെളിയിച്ചവരാകണം എന്ന ചട്ടം പാലിച്ചിട്ടില്ല.
സർവകലാശാല നിർദേശിച്ച പട്ടികയിലുള്ളവരെക്കാൾ ഇവർക്ക് എന്താണ് കൂടുതൽ യോഗ്യത എന്നതിന് മറുപടി നൽകാനായിട്ടില്ല. ഗവർണറുടെ പ്രീതിയുണ്ട് എന്ന വാദം വ്യക്തമായ മറുപടിയല്ല. ഗവർണറുടെയും സർക്കാരിന്റെയും പ്രീതി എന്ന സിദ്ധാന്തം ഉത്തരമല്ല.
കൂടുതൽ യോഗ്യതയുള്ളവർക്ക് പകരം കുറഞ്ഞ യോഗ്യതയുള്ളവരെയാണ് ചാൻസലർ നാമനിർദേശം ചെയ്തത്. പ്രസക്തമായ കാര്യം അവഗണിക്കുകയും അപ്രസക്തമായതിനെ സ്വീകരിക്കുകയും ചെയ്യുന്ന നടപടി ഉത്തരവാദിത്തപ്പെട്ടവരിൽ നിന്നുണ്ടാകുമ്പോൾ കോടതിയുടെ ഇടപെടൽ ഉണ്ടാകും. വിവേചനാധികാരം പ്രയോഗിക്കേണ്ടത് നിഷ്പക്ഷവും നീതിപൂർവകവുമായി വേണമെന്നും കോടതി പറഞ്ഞു.
ഹ്യുമാനിറ്റീസ് പ്രതിനിധി അക്കാദമിക് രംഗത്തും മറ്റുള്ളവർ അതത് മേഖലകളിലും കഴിവു തെളിയിച്ചവരാകണമെന്നാണ് ചട്ടം.
ഹർജിക്കാരിൽ റാങ്ക് ജേതാവും കലാപ്രതിഭയും കായികപ്രതിഭയുമുണ്ട്. ഇവരെ തഴഞ്ഞ് ചാൻസലർ നിർദേശിച്ചവർ മേളകളിൽ പങ്കെടുത്തിട്ടുണ്ടെന്നല്ലാതെ കഴിവ് തെളിയിച്ചവരല്ല. നിർദേശിക്കപ്പെടുന്നവർ റാങ്ക് പോലുള്ള ഉന്നത സ്ഥാനീയരാവണമെന്ന് നിബന്ധനയില്ലെങ്കിലും ഇവരുടെ പേര് പട്ടികയിലുൾപ്പെട്ടിരിക്കെ യോഗ്യത കുറഞ്ഞവരെ നാമനിർദേശം ചെയ്തതിൽ ന്യായീകരണമില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, സെനറ്റിലേക്ക് വിദ്യാഭ്യാസ വിദഗ്ധരെ സർക്കാർ നാമനിർദേശം ചെയ്തതിനെതിരെ നൽകിയ മറ്റൊരു ഹർജി കോടതി തള്ളി. ജി മുരളീധരൻ പിള്ള, ഡോ. ഷിജുഖാൻ, ആർ രാജേഷ് എന്നിവരുടെ നാമനിർദേശമാണ് കോടതി ശരിവച്ചത്. സർക്കാർ നിർദേശിച്ചവർക്കെതിരെ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നായിരുന്നു ഹർജിക്കാരനായ ഡോ. കെ എൻ മധുസൂദനൻ പിള്ളയുടെ വാദം. എന്നാൽ, ഇവർ ഉന്നതവിദ്യാഭ്യാസ രംഗത്തുള്ളവരല്ലെന്ന് പറയാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പൊതുരംഗത്തെ പ്രവർത്തനവുമായി ബന്ധപ്പെട്ട കേസുകളാണ് ഇവർക്കെതിരെയുള്ളത്. കേസുകളിൽ ഇവർ ശിക്ഷിക്കപ്പെട്ടിട്ടുമില്ല. അതിനാൽ, നാമനിർദേശത്തിൽ അപാകതയില്ലെന്ന് വിലയിരുത്തിയാണ് കോടതി ഹർജി തള്ളിയത്.
English Summary: A blow to the Governor; the High Court canceled the nomination to the Senate of the University of Kerala
You may also like this video: