Site iconSite icon Janayugom Online

യാഥാര്‍ത്ഥ്യങ്ങളോട് പുറംതിരിഞ്ഞ ബജറ്റ്

ടുത്തവര്‍ഷം കാലാവധി പൂര്‍ത്തിയായി തെരഞ്ഞെടുപ്പിനെ നേരിടണമെന്നതിനാല്‍ നരേന്ദ്രമോഡി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റാണ് ഇന്നലെ അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ സ്വാഭാവികമായും വന്‍പ്രഖ്യാപനങ്ങള്‍ പ്രവചിക്കപ്പെട്ടിരുന്നതുമാണ്. അതനുസരിച്ച് മുന്‍കാലങ്ങളിലെന്നതുപോലെ ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും അടുത്തവര്‍ഷത്തെ ലോക്‌സഭാ തെര‍ഞ്ഞെടുപ്പും മുന്നില്‍ കണ്ടുള്ള പ്രസംഗമാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ച് നടത്തിയത്. എന്നാല്‍ ബജറ്റിന്റെ യഥാര്‍ത്ഥ കണക്കുകള്‍ പരിശോധിച്ചാല്‍ അവയൊന്നും നടപ്പിലാക്കപ്പെടില്ലെന്ന് വ്യക്തമാകും. പ്രഖ്യാപനങ്ങള്‍ക്ക് അനുസൃതമായ വിഹിതം വകുപ്പുകള്‍ക്കും പദ്ധതികള്‍ക്കും നീക്കിവയ്ക്കാതെയാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച പുറത്തിറക്കിയ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിലെ പ്രവചനങ്ങള്‍ പാഴാകുമെന്ന വ്യക്തമായ സൂചനയും ബജറ്റ് നല്കുന്നുണ്ട്. ഇടത്തരക്കാരെ കയ്യിലെടുക്കുന്നതിന് പ്രഖ്യാപിച്ച ആദായ നികുതിയിളവു പോലും വലിയൊരു വിഭാഗം പുറത്താകുന്ന വിധത്തിലായിരിക്കും അനുഭവവേദ്യമാകുകയെന്നാണ് വിദഗ്ധര്‍ പ്രാഥമികമായി വിലയിരുത്തുന്നത്. സാധാരണ ജനവിഭാഗങ്ങളെ സഹായിക്കുന്നതിനുള്ള പദ്ധതികള്‍ക്കും വകുപ്പുകള്‍ക്കും മതിയായ വിഹിതം പോലും നീക്കിവയ്ക്കാതെ എങ്ങനെയാണ് പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കുകയെന്ന് വ്യക്തമല്ല.


ഇതുകൂടി വായിക്കൂ: കുടുംബ ബജറ്റ് താളം തെറ്റിച്ച് അരിവിലയും കുതിക്കുന്നു


ഭക്ഷ്യ സബ്സിഡി വിഹിതം 2.8 ലക്ഷം കോടിയില്‍ നിന്ന് 1.97 ലക്ഷം കോടിയായി വെട്ടിക്കുറച്ചുവെന്നതാണ് ബജറ്റിലെ ഏറ്റവും ജനവിരുദ്ധമായ നിര്‍ദേശം. കോവിഡ് മഹാമാരിക്കാലത്തുപോലും രാജ്യത്തെ മഹാഭൂരിപക്ഷം ഗ്രാമീണര്‍ക്ക് രക്ഷാകവചം തീര്‍ത്ത അഭിമാന പദ്ധതിയായിരുന്നു മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി. 2021–22ല്‍ 98,467.85 കോടി രൂപയായിരുന്നു ബജറ്റ് വിഹിതം. കഴിഞ്ഞ വര്‍ഷം അത് 73,000 കോടിയായി കുറച്ചു. പുതുക്കിയ ബജറ്റ് പ്രകാരം 89,400 കോടിയായിരുന്നു നടപ്പുവര്‍ഷത്തെ വിഹിതം. എന്നാല്‍ പുതിയ ബജറ്റില്‍ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം 60,000 കോടി രൂപയായി കുറയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതിനു സമാനമാണ് ഗ്രാമീണ വികസനത്തിനുള്ള വിവിധ പദ്ധതികളുടെ കാര്യം. പ്രധാന്‍മന്ത്രി ആവാസ് യോജനയ്ക്കുള്ള വിഹിതത്തില്‍ നേരിയ വര്‍ധന വരുത്തിയെങ്കിലും ഗ്രാമീണ വികസന വകുപ്പു വഴി നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കുള്ള മൊത്തം വിഹിതത്തില്‍ കുറവു വരുത്തുകയാണ് ചെയ്തത്. നടപ്പുവര്‍ഷത്തെ പുതുക്കിയ കണക്കുകള്‍ പ്രകാരം പ്രധാന്‍മന്ത്രി ആവാസ് യോജനയ്ക്ക് 48,422 കോടിയായിരുന്നത് അടുത്ത വര്‍ഷത്തേക്ക് 54,487 കോടിയായി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഒരു ലക്ഷത്തോളം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും പുതിയ വീടുകള്‍ നല്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കുകയും ചെയ്യുന്നതിന് ഈ തുക അപര്യാപ്തമാണ്. അതേസമയം നഗര ഭവന പദ്ധതിക്ക് വിഹിതം കുറയ്ക്കുകയും ചെയ്തു. നടപ്പുവര്‍ഷം 28,000 കോടി രൂപയായിരുന്നത് അടുത്ത വര്‍ഷത്തേക്ക് 25,103 കോടിയായാണ് കുറച്ചത്.


ഇതുകൂടി വായിക്കൂ: സാധാരണക്കാരോട് പുറംതിരിഞ്ഞ കേന്ദ്രബജറ്റ്


ഗ്രാമീണ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി ഗ്രാമീണ വികസന വകുപ്പ് നടപ്പിലാക്കുന്ന എല്ലാ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കുമായി 2021–22ല്‍ 1,60,433 കോടിയും നടപ്പു സാമ്പത്തിക വര്‍ഷം പുതുക്കിയ ബജറ്റ് കണക്കനുസരിച്ച് 1,81,121 കോടിയും നീക്കിവച്ച സ്ഥാനത്ത് 1,57,541 കോടി രൂപമാത്രമാണ് വിഹിതമായി നിശ്ചയിച്ചിരിക്കുന്നത്. ഭവനനിര്‍മ്മാണ പദ്ധതി പ്രഖ്യാപനം നടത്തുന്നതിന് മറ്റുള്ളവയുടെ വിഹിതം വെട്ടിക്കുറച്ചുവെന്നര്‍ത്ഥം. പ്രധാന്‍മന്ത്രി ഫസല്‍ ഭീമയോജന വിഹിതം 12,375 കോടിയില്‍ നിന്ന് 13,625 കോടിയായി ഉയര്‍ത്തിയെന്ന വന്‍ പ്രഖ്യാപനമുണ്ടെങ്കിലും പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ വിഹിതത്തില്‍ വര്‍ധന വരുത്തിയതുമില്ല. കാര്‍ഷിക മേഖലയിലെ മൊത്തം കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കുള്ള വിഹിതത്തിലും നേരിയ വര്‍ധനമാത്രമാണുള്ളത്. സാമൂഹ്യനീതി വകുപ്പിന് കീഴില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ വിഹിതത്തിലും കുറവ് വരുത്തിയാണ് സ്ത്രീശാക്തീകരണത്തെ കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ നടത്തിയിരിക്കുന്നത്. പുതുക്കിയ കണക്കനുസരിച്ച് നടപ്പുവര്‍ഷം ഈയിനത്തില്‍ 1709 കോടിയാണ് വിഹിതമെങ്കിലും അടുത്ത വര്‍ഷത്തേക്ക് 884 കോടിയാണ് നീക്കിയിരിക്കുന്നത്. അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളും തൊഴിലില്ലായ്മയും പരിഹരിക്കുന്നതിനും മൂര്‍ത്തമായ പദ്ധതികളൊന്നും തന്നെ ബജറ്റ് മുന്നോട്ടുവയ്ക്കുന്നില്ല. രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും നികുതി വലയില്‍ കൊണ്ടുവരികയെന്ന ദുരുദ്ദേശ്യത്തോടെ പാന്‍കാര്‍ഡ് തിരിച്ചറിയല്‍ കാര്‍ഡായി ഉപയോഗിക്കാമെന്ന പ്രഖ്യാപനവും നടത്തിയിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: അടിത്തറയില്ലാത്ത കേന്ദ്രബജറ്റ്


ചരക്കുസേവന നികുതി ഘടന നടപ്പിലാക്കിയതും വായ്പാ പരിധി പുതുക്കിയതും കാരണം സംസ്ഥാനങ്ങള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങളും ബജറ്റ് മുന്നോട്ടുവയ്ക്കുന്നില്ല. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഭീഷണി നിലനില്ക്കുന്ന പശ്ചാത്തലത്തില്‍ സമൂഹത്തിലെ മഹാഭൂരിപക്ഷത്തിന്റെ ക്രയശേഷി വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികളായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും നിരാശയായിരുന്നു ഫലം. ദീര്‍ഘകാല പദ്ധതി പ്രഖ്യാപനങ്ങളും കണ്‍കെട്ടു വിദ്യ തന്നെയാണ്. നേരത്തെയുള്ള ബജറ്റ് പ്രഖ്യാപനങ്ങളുടെ ഫലപ്രാപ്തിയെന്തെന്ന് വിലയിരുത്തുക കൂടി ചെയ്യുമ്പോഴാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ മാത്രമാണ് ബജറ്റില്‍ നിറഞ്ഞു തുളുമ്പിയതെന്ന് ബോധ്യമാകുക. ഫലത്തില്‍ രാജ്യത്തെ മഹാഭൂരിപക്ഷത്തിന്റെ ജീവിത യാഥാര്‍ത്ഥ്യങ്ങളോട് പുറംതിരിഞ്ഞുനില്ക്കുന്നതാണ് കേന്ദ്ര ബജറ്റെന്ന് ഒറ്റവാക്കില്‍ നിര്‍വചിക്കാവുന്നതാണ്.

Exit mobile version