Site iconSite icon Janayugom Online

രാജസ്ഥാനിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; 20 പേർക്ക് ദാരുണാന്ത്യം, 16 പേർക്ക് പരിക്കേറ്റു

രാജസ്ഥാനിലെ ജയ്സാൽമറിൽ നിന്ന് ജോധ്പൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിൽ തീപിടുത്തമുണ്ടായതിനെത്തുടർന്ന് 20 പേർ വെന്ത് മരിച്ചു. 16 പേർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവർ അനുശോചനം അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

57 യാത്രക്കാരുമായി ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3 മണിയോടെയാണ് ബസ് പുറപ്പെട്ടതെന്ന് രാജസ്ഥാൻ പൊലീസ് പറഞ്ഞു. ജയ്‌സാൽമീർ‑ജോധ്പൂർ ഹൈവേയിലൂടെ സഞ്ചരിക്കുമ്പോൾ വാഹനത്തിന്റെ പിൻഭാഗത്ത് നിന്ന് പുക ഉയരാൻ തുടങ്ങി. ഇത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ബസ് നിർത്തിയെങ്കിലും നിമിഷങ്ങൾക്കുള്ളിൽ അതിൽ തീ പടരുകയായിരുന്നു. തുടർന്ന് നാട്ടുകാരും വഴിയാത്രക്കാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്ക് ചേരുകയായിരുന്നു. അഗ്നിശമന സേനാംഗങ്ങളെയും പോലീസിനെയും വിവരമറിയിക്കുകയും പരിക്കേറ്റ യാത്രക്കാരെ ചികിത്സയ്ക്കായി ജയ്‌സാൽമീറിലെ ജവഹർ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

ഗുരുതരമായി പരിക്കേറ്റ 16 യാത്രക്കാരെ ജോധ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് പറഞ്ഞു. 

Exit mobile version