Site iconSite icon Janayugom Online

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കേസ്; രണ്ട് പേര്‍ അറസ്റ്റില്‍

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കേസിൽ രണ്ട് പേര്‍ അറസ്റ്റില്‍. ട്രാവൽ ഏജൻസി ഉടമയായ സ്ത്രീയും മകനുമാണ് അറസ്റ്റിലായത്. ശാസ്തമംഗലം ബ്രൂക്ക്‌പോർട്ട് ട്രാവൽ ആന്റ് ലോജിസ്റ്റിക്‌സ് എംഡി ഡോൾഫി ജോസഫൈൻ, മകൻ രോഹിത് സജു എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഡോൾഫിയുടെ ഭർത്താവും കേസിൽ പ്രതിയുമായ സജു സൈമൺ ഒളിവിലാണ്. കാനഡ, യുഎസ്എ, യുകെ എന്നിവിടങ്ങളിൽ തൊഴിൽവിസ വാഗ്ദാനം ചെയ്ത് സംസ്ഥാനത്തുടനീളം 40 ഓളം പേരിൽ നിന്ന് കോടികൾ തട്ടിയെടുത്തെന്നാണ് പരാതി. ഇവർക്കെതിരെ 21 പൊലീസ് സ്‌റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു. 16 പേർ നൽകിയ പരാതിയിൽ മൂന്ന് കേസുകളാണ് മ്യൂസിയത്ത് രജിസ്റ്റർ ചെയ്തത്. ഇവരിൽ നിന്ന് മാത്രം ഒരു കോടിയിലധികം രൂപയാണ് തട്ടിയെടുത്തത്. ഏഴ് മുതൽ 10 ലക്ഷം രൂപ വരെയാണ് പരാതിക്കാർക്ക് നഷ്ടമായത്. 

യൂറോപ്യൻ രാജ്യങ്ങളിൽ രണ്ട് മുതൽ നാല് ലക്ഷം രൂപവരെ ശമ്പളം വാഗ്ദാനം ചെയ്തു സമൂഹ മാധ്യമങ്ങൾ വഴി ഇവർ പരസ്യം നൽകി പണം വാങ്ങുകയായിരുന്നു. പറഞ്ഞ സമയം കഴിഞ്ഞും വിസ ലഭിച്ചില്ല. പണം മടക്കി നൽകാനും തയ്യാറായില്ല. ഇതോടെ ആളുകൾ പൊലീസിൽ പരാതി നല്‍കി. പിന്നാലെ സ്ഥാപനം പൂട്ടി സജു സൈമണും ഡോൾഫി ജോസഫൈനും മുങ്ങി. രണ്ട് മാസം മുൻപ് കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് പരാതിക്കാർ ഒരാഴ്ച മുൻപ് ശാസ്തമംഗലത്തെ ഏജൻസി ഓഫിസിൽ എത്തി പ്രതിഷേധിച്ചിരുന്നു. തിരുവനന്തപുരം, കോട്ടയം, കൊച്ചി, വയനാട് സ്വദേശികളാണ് തട്ടിപ്പിനിരയായവരിൽ ഏറെയും. മ്യൂസിയം എസ്ഐ എൻ ആശാചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്നലെ കോടതിയിൽ ഹാജരാക്കി.

Exit mobile version