Site iconSite icon Janayugom Online

കഠിനംകുളത്ത് യുവതിയെ കുത്തിക്കൊന്ന കേസ്; പ്രതി പിടിയില്‍

തിരുവനന്തപുരം കഠിനം കുളത്ത് ആതിര എന്ന യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കൊല്ലം സ്വദേശി ജോണ്‍സണ്‍ പൊലീസ് പിടിയില്‍. കോട്ടയം ചിങ്ങവനത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. വിഷം കഴിച്ച് അബോധാവസ്ഥയിലായിരുന്നു ഇയാള്‍. പ്രതിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. 

ഒരു വര്‍ഷത്തോളമായി ജോണ്‍സനും ആതിരയും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ റീലുകള്‍ പങ്കുവച്ചാണ് ഇരുവരും സുഹൃത്തുക്കളായത്. വിവാഹിതയായ ആതിരയ്ക്ക് രണ്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു മകനുണ്ട്. ജോണ്‍സണ്‍ ആതിരയോട് തന്റെ ഒപ്പം ചെല്ലണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് എതിര്‍ത്തപ്പോള്‍ ആതിരയെ ഭീഷണിപ്പെടുത്തുകയും ഇവരില്‍ നിന്നും പണം കൈപ്പറ്റുകയും ചെയ്തിരുന്നു. ജോണ്‍സണ്‍ പല തവണയയാി 1.30 ലക്ഷം രൂപയോളം ആതിരയില്‍ നിന്ന് കൈപ്പറ്റിയിരുന്നു. കൊല്ലപ്പെടുന്നതിന് 3 ദിവസം മുന്‍പും ആതിര ഇയാള്‍ക്ക് 2500 നല്‍കിയിരുന്നു.

ആതിരയെ കൊലപ്പെടുത്തുന്നതിന് 5 ദിവസം മുന്‍പ് ജോണ്‍സണ്‍ പെരുമാംതുറ എത്തുകയും ഒരു ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുകയുമായിരുന്നു. കൊലപാതകം നടത്തിയതിന് ശേഷം ഇയാള്‍ മുറി ഒഴിഞ്ഞ് കടന്നു കളയുകയായിരുന്നു. ആതിരയുടെ സ്ക്കൂട്ടറിലാണ് ഇയാള്‍ രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് ആതിരയെ വീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് രാജേഷ് അമ്പലത്തില്‍ പൂജയ്ക്ക് പോയി മടങ്ങിയെത്തിപ്പോഴായിരുന്നു സംഭവം. 

Exit mobile version