പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രിയരഞ്ജന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും.
കാട്ടക്കാടയിലെ പത്താം ക്ലാസുകാരൻ ആദിശേഖറിനെ കാറിടിച്ച കൊന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. ക്ഷേത്രമതിലിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് വിദ്യാർത്ഥിയെ വണ്ടിയിടിച്ചുകൊന്നുവെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. 2023 ഓഗസ്റ്റ് 30ന് ആദിശേഖറിനെ സുഹൃത്തുക്കള്‍ക്കു മുന്നില്‍ വച്ചാണ് പ്രിയരഞ്ജന്‍ കാറിടിപ്പിച്ചത്. ക്ഷേത്രത്തിനു സമീപത്തെ റോഡില്‍ സൈക്കിളില്‍ കയറാന്‍ ആദിശേഖര്‍ ശ്രമിക്കുന്നതിനിടെ പിന്നിലൂടെ കാറിലെത്തിയ പ്രതി ഇടിച്ചു തെറിപ്പിച്ചശേഷം നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു.
അലക്ഷ്യമായി വാഹനമോടിച്ചതിനാണ് ആദ്യം കേസെടുത്തത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. സംഭവം നടന്ന് രണ്ടാം ദിവസം വിദേശത്തുനിന്ന് നാട്ടിലെത്തിയ ഭാര്യയ്‌ക്കൊപ്പം പ്രിയരഞ്ജന്‍ ആദ്യം മൈസൂരുവിലും പിന്നീട് തമിഴ്‌നാട്ടിലുമായിരുന്നു. കേരള തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ അരുമന, ദേവിയോട് പ്രദേശങ്ങളിലായിരുന്നു താമസം. സംഭവം നടന്ന് 12-ാം ദിവസമായിരുന്നു അറസ്റ്റ്. കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നു കണ്ടെത്തിയതായി പൊലീസ് കോടതിയില്‍ അറിയിച്ചിരുന്നു. ആദിശേഖറിനോടു മുന്‍വൈരാഗ്യമുള്ള പ്രിയരഞ്ജന്‍ കൊല്ലണമെന്നു കരുതി കാത്തുനിന്നു കുട്ടിയെ ലക്ഷ്യം വച്ച് വണ്ടി ഇടിപ്പിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

