Site iconSite icon Janayugom Online

രാജസ്ഥാനില്‍ ചാര്‍ട്ടേഡ് വിമാനവും, മധ്യപ്രദേശില്‍ യുദ്ധവിമാനങ്ങളും തകര്‍ന്ന് വീണു

വ്യോമസേനയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ചു തകര്‍ന്നുവീണു. മധ്യപ്രദേശിലെ മൊറേനയില്‍ സുഖോയ് 30, മിറാഷ് 2000 വിമാനങ്ങള്‍ തകര്‍ന്നുണ്ടായ ദുരന്തത്തില്‍ ഒരു പൈലറ്റ് മരിച്ചു. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. പതിവ് പരിശീലന ദൗത്യത്തിനിടെ വിമാനങ്ങൾ ആകാശത്തുവച്ച് കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. നേരിട്ട് കൂട്ടിയിടിക്കുന്നതിന് പകരം വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ച് അപകടം സംഭവിച്ചതായും വിലയിരുത്തലുകളുണ്ട്. 

ഗ്വാളിയോര്‍ എയര്‍ ബേസില്‍ നിന്നാണ് വിമാനങ്ങള്‍ പറന്നുയര്‍ന്നത്. ഫ്രഞ്ച് നിര്‍മ്മിത മിറാഷ് 2000 മൊറേനയിലെ പരംഗഡില്‍ തകര്‍ന്നുവീണപ്പോള്‍ നൂറുകിലോമീറ്റര്‍ അകലെ രാജസ്ഥാനിലെ ഭരത്പൂരിലാണ് റഷ്യന്‍ നിര്‍മ്മിത സുഖോയ് വിമാനത്തിന്റെ ഏതാനും അവശിഷ്ടങ്ങള്‍ പതിച്ചത്. രണ്ട് വിമാനങ്ങളും പൂർണമായും കത്തിനശിച്ചു. വിമാനങ്ങള്‍ പതിച്ചത് ജനവാസ കേന്ദ്രങ്ങളിലല്ലാത്തതിനാല്‍ കൂടുതല്‍ ദുരന്തങ്ങള്‍ ഒഴിവായി. 

സുഖോയ് വിമാനത്തിലെ രണ്ട് പൈലറ്റുമാർ പരിക്കുകളോടെ രക്ഷപെട്ടപ്പോൾ മിറാഷ് വിമാനത്തിലുണ്ടായ പൈലറ്റിനാണ് അപകടത്തിൽ ജീവന്‍ നഷ്ടമായത്. കൂട്ടിയിടിച്ചയുടന്‍ മിറാഷ് നിലംപതിച്ചുവെന്നും ഇതാണ് പൈലറ്റിന് രക്ഷപ്പെടാന്‍ അവസരമില്ലാതാക്കിയതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സുഖോയ് അപകടത്തിനുശേഷം മിനിറ്റുകളോളം പറന്നതായും ഇതിനാല്‍ പൈലറ്റുമാര്‍ക്ക് രക്ഷപ്പെടാനായെന്നും വ്യോമസുരക്ഷാ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു.

അടുത്തിടെ വ്യോമസേനയുടെ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും അപകടത്തില്‍പ്പെട്ട് നിരവധി ദുരന്തങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഒക്ടോബറില്‍ അരുണാചല്‍ പ്രദേശില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ച് സൈനികര്‍ മരിച്ചിരുന്നു. 2021 ല്‍ റഷ്യന്‍ നിര്‍മ്മിത എംഐ‑17 ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധ മേധാവിയായിരുന്ന ജനറല്‍ ബിപിന്‍ റാവത്ത് അടക്കം 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Eng­lish Sum­ma­ry: A char­tered plane crashed in Rajasthan and a fight­er jet crashed in Mad­hya Pradesh
You may like this video also

Exit mobile version