മദ്യപിച്ചെത്തി ശല്യംചെയ്യുന്നതായി പരാതി നൽകിയ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ. ബേഡഡുക്ക മണ്ണെടുക്കത്തെ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി രാമാമൃതമാണ് (57) പൊലീസ് പിടിയിലായത്. പൊള്ളലേറ്റ സി രമിതയെ (32) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രമിത വാടകക്കെട്ടിടത്തിൽ പലചരക്കുകട നടത്തുകയാണ്.
ഇതേ കെട്ടിടത്തിൽ രാമമൃത മുൻപ് കട നടത്തിയിരുന്നു. മദ്യപിച്ചെത്തി ശല്യംചെയ്യുന്നെന്ന രമിതയുടെ പരാതിയെത്തുടർന്ന് പൊലീസ് ഇടപെട്ട് രണ്ടാഴ്ച മുൻപ് ഫർണിച്ചർ കട അടപ്പിച്ചു. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നു കരുതുന്നു. രമിതയെ അതീവഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിക്കൊപ്പമുണ്ടായിരുന്ന 8 വയസ്സുള്ള മകനും മകന്റെ സഹപാഠിയും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

