തലസ്ഥാനത്ത് പൊലീസിനെ വലച്ച് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ തുടരുന്നു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ സെക്രട്ടേറിയറ്റിലെ ഓഫിസിലും ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലും ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. ഇതുകൂടാതെ തിരുവനന്തപുരത്ത് ഗതാഗത കമ്മിഷണറുടെ ഓഫിസിലും നെടുമ്പാശേരി വിമാനത്താവളത്തിലും ഭീഷണി വന്നു. ബോംബ് സ്ക്വാഡും പൊലീസും മൂന്നു മണിക്കൂറോളം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഭീഷണി സന്ദേശമെത്തുമ്പോള്‍ മുഖ്യമന്ത്രി, സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇടുക്കിയിലും ഗവര്‍ണര്‍ കോട്ടയത്തും പരിപാടികളില്‍ പങ്കെടുക്കുകയായിരുന്നു.
ഇന്നലെ രാവിലെയോടെയാണ് ധനകാര്യ സെക്രട്ടറിയുടെ ഇ മെയിലിലേക്ക് ബോംബ് ഭീഷണി സന്ദേശമെത്തിയത്. സെക്രട്ടേറിയറ്റില്‍ നോര്‍ത്ത് ബ്ലോക്കിലെ ഓഫിസിലും ഔദ്യോഗിക വസതിയായ നന്തൻകോട് ക്ലിഫ് ഹൗസിലും ഐഇഡി സ്ഫോടനം നടത്തുമെന്നാണ് ഇ — മെയിലിലുണ്ടായിരുന്നത്. ലഹരിക്കെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളില്‍ പ്രതിഷേധിച്ച് ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ബോംബ് വയ്ക്കുമെന്നാണ് സന്ദേശത്തിലുണ്ടായിരുന്നത്. രാജ്ഭവനിലും ഗതാഗത കമ്മിഷണറുടെ ഓഫിസിലും, നെടുമ്പാശേരി വിമാനത്താവളത്തിലും ലഭിച്ച ഭീഷണി സന്ദേശത്തിലും സമാനമായ ഭീഷണികളാണ് ഉണ്ടായിരുന്നത്. മദ്രാസ് ടൈഗേഴ്സ് — ദി റെസിസ്റ്റൻസ് ഫ്രണ്ട് എന്ന സംഘടനയുടെ പേരില്‍ അബ്ദുള്‍ അരുളപ്പദോസ് എന്ന ആളിന്റെ പേരിലാണ് ഇ‑മെയില്‍ അയച്ചിരിക്കുന്നത്. ഇത് വ്യാജ ഇ‑മെയില്‍ വിലാസമാണെന്നാണ് പൊലീസിന്റെ നിഗമനം. ഇ ‑മെയിലിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. മൂന്ന് ദിവസത്തിനിടെ വ്യാജ ബോംബ് ഭീഷണി സംബന്ധിച്ച് പത്ത് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഭീഷണിയെ തുടര്‍ന്ന് സെക്രട്ടേറിയറ്റില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
സൈബര്‍ എസ്‍പി അന്വേഷിക്കും
മുഖ്യമന്ത്രിയുടെ ഓഫിസില്‍ അടക്കമുണ്ടായ ബോംബ് ഭീഷണിയെ കുറിച്ച് സൈബര്‍ വിഭാഗം എസ്‍പി അങ്കിത് അശോകൻ അന്വേഷിക്കും.
മൂന്ന് ദിവസത്തിനിടെ 12 വ്യാജ ബോംബ് ഭീഷണികളാണ് ഇതുവരെ ഉണ്ടായത്. എട്ട് മാസത്തിനിടെ നഗരത്തിലെ ഇരുപത് സ്ഥാപനങ്ങൾക്ക് ബോംബ് ഭീഷണി ഉണ്ടായി. വിവരങ്ങള്‍ കൈമാറാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് മൈക്രോസോഫ്റ്റിന് പൊലീസ് മുന്നറിയിപ്പ് നല്‍കി. മെയിലിന്റെ വിപിഎൻ വിലാസം കണ്ടെത്താൻ മൈക്രോസോഫ്റ്റിന് പൊലീസ് പലതവണ മെയിൽ അയച്ചെങ്കിലും വിവരങ്ങൾ നൽകാനാവില്ലെന്ന മറുപടിയാണ് ലഭിച്ചത്. മൈക്രോസോഫ്റ്റിന്റെ മെയിൽ സംവിധാനമായ ഔട്ട്‍ലുക്ക് വഴിയാണ് ഭീഷണി സന്ദേശം എത്തുന്നതെന്നാണ് പൊലീസ് പറയുന്നത്.

