ഡൽഹിയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു. ഡൽഹിയിലെ ദ്വാരകയിൽ ഒരു റസിഡൻഷ്യൽ അപ്പാർട്ട്മെൻറിനാണ് തീപിടിച്ചത്. തീപിടിച്ചതോടെ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച ഒരു കുടുംബത്തിലെ 3 പേർ മരണപ്പെട്ടു. 35കാരനായ യാഷ് യാദവും ഇദ്ദേഹത്തിൻറെ രണ്ട് മക്കളുമാണ് മരിച്ചത്.
ദ്വാരക സെക്ടർ ‑13 ലെ എംആർവി സ്കൂളിന് സമീപമുള്ള ശപത് സൊസൈറ്റി എന്ന റെസിഡൻഷ്യൽ കെട്ടിടത്തിന്റെ എട്ട്, ഒമ്പത് നിലകളിലാണ് തീപിടുത്തമുണ്ടായത്. തീപിടിച്ചതോടെ രണ്ട് കുട്ടികളും ബാൽക്കണിയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇവരെ ആശുപത്രയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുട്ടികൾ ചാടിയതിന് ശേഷമാണ് യാഷ് യാദവും ബാൽക്കണിയിൽ നിന്നും ചാടിയത്. ഇദ്ദേഹത്തെ ഐജിഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യാഷിൻറെ ഭാര്യയെയും മൂത്ത മകനെയും രക്ഷപ്പെടുത്തിയിട്ടുണ്ട്.
8 അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കൂടുതൽ അപകടങ്ങൾ ഒഴിവാക്കാനായി കെട്ടിടത്തിലെ വൈദ്യുതി, ഗ്യാസ് കണക്ഷനുകൾ താത്ക്കാലികമായി വിച്ഛേദിച്ചിട്ടുണ്ട്.

