Site iconSite icon Janayugom Online

ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി ചവിട്ടി; രാഷ്ട്രപതി ദ്രൗപതി മുർമു സന്നിധാനത്തെത്തി

രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിലെത്തി ദര്‍ശനം നടത്തി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് ദർശനം നടത്തിയത്. പമ്പയിലെത്തിയ രാഷ്ട്രപതി കെട്ടുനിറച്ചാണ് ശബരിമല കയറിയത്. സന്നിധാനത്ത് എത്തിയ രാഷ്ട്രപതിയെ കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിച്ചു. ദേവസ്വം മന്ത്രി വി എൻ വാസവൻ, തിരുവിതാകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, ദേവസ്വം ബോർഡ് അംഗം എ അജികുമാർ തുടങ്ങിയവർ ദർശന സമയത്ത് സന്നിധാനത്ത് ഉണ്ടായിരുന്നു. ദർശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസിലാണ് വിശ്രമം.

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന്‌ ഹെലികോപ്ടറിലാണ് സംഘം പത്തനംതിട്ടയെത്തിയത്. മോശം കാലാവസ്ഥയെ തുടർന്ന്‌, മുൻകൂട്ടി തീരുമാനിച്ചതിൽനിന്ന്‌ വ്യത്യസ്‌തമായി പ്രമാടം രാജീവ്‌ ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലാണ്‌ ഹെലികോപ്‌ടർ ഇറങ്ങിയത്‌. ഹെലികോപ്റ്ററിൽ എത്തിയ രാഷ്ട്രപതിയെ ദേവസ്വം മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ആന്റോ ആന്റണി എംപി, കെ. യു ജനീഷ് കുമാർ എംഎൽഎ, പ്രമോദ് നാരായൺ എംഎൽഎ, ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ, ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് എന്നിവരും സ്വീകരിക്കാനുണ്ടായിരുന്നു. 

Exit mobile version