Site iconSite icon Janayugom Online

‘വലിയൊരു ജീവകാരുണ്യ ദൗത്യമാണ് ഫലവത്താകുന്നത്. ആരോടൊക്കെ നന്ദി പറയണമെന്ന് അറിയില്ല’; മുണ്ടക്കൈ, ചൂരൽമല മാതൃകാ ടൗൺഷിപ്പ് ശിലാസ്ഥാപനം നിർവഹിച്ചു മുഖ്യമന്ത്രി

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള മാതൃകാ ടൗൺഷിപ്പിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.വലിയൊരു ജീവകാരുണ്യ ദൗത്യമാണ് ഫലവത്താകുന്നതെന്നും ആരോടൊക്കെ നന്ദി പറയണമെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വലിയ സഹായമാണ് പ്രതീക്ഷിച്ചത്. എന്നാൽ ഒന്നും ലഭിച്ചില്ല. 529 കോടിയുടെ തിരിച്ചടയ്‌ക്കേണ്ട വായ്പ മാത്രമാണ് അവർ നൽകിയത്. കേരളത്തിന്റെ ഒരുമയുടെ കരുത്താണ് ഇന്ന് ഫലവത്താകുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ടികളും സഹകരിച്ചു. നാടിന്റെ അപൂര്‍വതയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിര്‍മ്മാണം ഒരു വര്‍ഷത്തിനുള്ളിൽ പൂര്‍ത്തിയാക്കുമെന്ന് ചടങ്ങിൽ പങ്കെടുത്ത റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. 

വീടുകൾക്ക് പുറമെ പൊതുസ്ഥാപനങ്ങള്‍ക്ക് പ്രത്യേക കെട്ടിടങ്ങള്‍, റോഡ്, അനുബന്ധ സ്ഥാപനങ്ങള്‍, വ്യാപാര‑വാണിജ്യ സൗകര്യങ്ങള്‍ എന്നിവ ടൗണ്‍ഷിപ്പില്‍ സജ്ജമാക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിയാണ് ടൗണ്‍ഷിപ്പ് നിര്‍മ്മാണം നടത്തുക. കിഫ്‌കോണ്‍ കണ്‍സള്‍ട്ടന്റ് ഏജന്‍സിയായി പ്രവര്‍ത്തിക്കും. ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിലുള്‍പ്പെട്ട 242 ഗുണഭോക്താക്കളും സമ്മതപത്രം കൈമാറി. ടൗണ്‍ഷിപ്പില്‍ വീടിനായി 175 പേരും 15 ലക്ഷം സാമ്പത്തിക സഹായത്തിന് 67 പേരുമാണ് സമ്മതപത്രം കൈമാറിയത്. 

ഒന്നാം ഘട്ട പട്ടികയില്‍ 242 പേരും 2‑എ പട്ടികയില്‍ 87 പേരും 2‑ബി ലിസ്റ്റില്‍ 73 പേരും ഉള്‍പ്പെടെ 402 ഗുണഭോക്താക്കളാണ് അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 2‑എ, 2‑ബി പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഏപ്രില്‍ മൂന്ന് വരെ സമ്മതപത്രം കൈമാറാം. ലഭിച്ച സമ്മതപത്രങ്ങളിൽ ഏപ്രില്‍ 13 നകം വിവരശേഖരണം, സമാഹരണം എന്നിവ പൂര്‍ത്തീകരിച്ച് ഏപ്രില്‍ 20 ന് അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കും.
.

Exit mobile version