ഭക്ഷ്യസുരക്ഷയിലൂടെ വിശപ്പുരഹിത കേരളം യാഥാര്‍ത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനവും ക്ഷേമവും സംയോജിപ്പിച്ച് നവകേരളം പടുത്തുയര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിന്റെ പല ഭാഗങ്ങളിലായി ആളുകള്‍ പട്ടിണി കിടക്കേണ്ടി വന്ന സമയമാണ് കോവിഡ് കാലം. അന്ന് ആരും പട്ടിണി കിടക്കരുത് എന്ന് പ്രഖ്യാപിച്ച് കേരളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ലോകം തന്നെ ശ്രദ്ധിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ മനസ് എന്താണെന്ന് അറിയാവുന്ന സര്‍ക്കാരാണ് ഇന്നുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യമിന്ന് കടന്നു പോകുന്നത് ഏറ്റവും വലിയ വിലക്കയറ്റത്തിലൂടെയാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. അത്തരം ഒരു ഘട്ടത്തില്‍ ജനങ്ങള്‍ക്ക് പരമാവധി ആശ്വാസം നല്‍കാന്‍ ആവശ്യമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
14,000 റേഷന്‍ കടകള്‍ ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനായി പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നു. സര്‍ക്കാരിന്റെ ജനകീയ ഹോട്ടല്‍, സുഭിക്ഷ ഔട്ട്‌ലെറ്റുകള്‍ എന്നിവ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സഹായകമായി. പൊതു വിതരണ സംവിധാനത്തിന് 2063 കോടി രൂപയാണ് സംസ്ഥാന ബജറ്റില്‍ നിന്ന് അനുവദിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാതില്‍പ്പടി സേവനത്തിലൂടെ മത്സ്യത്തൊഴിലാളികള്‍ക്കും ആദിവാസി വിഭാഗങ്ങളുള്‍പ്പെടെ അര്‍ഹരായ വിഭാഗങ്ങള്‍ക്കും സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ വഴി നേരിട്ടും സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള ക്രമീകരണവും സര്‍ക്കാര്‍ ചെയ്തു. 425 കോടി രൂപ ചെലവഴിച്ചാണ് 87 ലക്ഷം കാര്‍ഡുടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ലഭ്യമാക്കുന്നത്.
വിവിധ വിഭാഗങ്ങളിലുള്ള റേഷന്‍ കാര്‍ഡുടമകള്‍ക്ക് മുഖ്യമന്ത്രി ഓണക്കിറ്റ് വിതരണം ചെയ്തു. ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, ഗതാഗത മന്ത്രി ആന്റണി രാജു, മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ പി കെ രാജു, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വിതരണം സെപ്റ്റംബര്‍ ഏഴു വരെ
നാളെ മുതല്‍ സെപ്റ്റംബര്‍ ഏഴു വരെ കിറ്റുകള്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓണത്തിന് മുന്‍പ് തന്നെ എല്ലാ വീട്ടിലും ഭക്ഷ്യക്കിറ്റ് എത്തിക്കുക എന്നതാണ് ലക്ഷ്യം. വാതില്‍പ്പടി സേവനങ്ങളിലൂടെ കിറ്റ് എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൂടി നാളെ മുതല്‍ നടക്കും. 390 ക്ഷേമ സ്ഥാപനങ്ങളിലെ 37,634 പേര്‍ക്കാണ് വാതില്‍പ്പടി സേവനത്തിന്റെ ഗുണഫലം ലഭിക്കുക. 119 ആദിവാസി ഊരുകളിലും ഈ സേവനം എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
English Summary: A hunger-free Kerala will become a reality through food security
You may like this video also