Site iconSite icon Janayugom Online

ഇന്ത്യ സഖ്യം പാര്‍ലമെന്ററി നേതാക്കളുടെ സംയുക്ത യോഗം ഒരുമിച്ചുതന്നെ മുന്നേറും

leadersleaders

പാര്‍ലമെന്റിന്റെ ഇരുസഭകളിലും കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കും ജനവിരുദ്ധമായ നിയമനിര്‍മ്മാണങ്ങള്‍ക്കുമെതിരെ ഒരുമിച്ച് മുന്നേറാന്‍ ഇന്ത്യ സഖ്യം പാര്‍ലമെന്ററി നേതാക്കളുടെ സംയുക്ത യോഗം തീരുമാനിച്ചു. ഇരു സഭകളിലുമുള്ള 17 കക്ഷിനേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു. ഇന്ത്യന്‍ ശിക്ഷാനിയമത്തിന് പകരമായി കൊണ്ടുവരുന്ന ന്യായ സംഹിതകളെന്ന പേരിലുള്ള ബില്ലുകളിലെ ജനവിരുദ്ധ വകുപ്പുകള്‍ ഒഴിവാക്കുന്നതിന് ശക്തമായ സമ്മര്‍ദം ചെലുത്തുന്നതിന് യോഗത്തില്‍ തീരുമാനമായി.
അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കു പിന്നാലെ വലതുപക്ഷ മാധ്യമങ്ങളും സംഘ്പരിവാര്‍ ശക്തികളും ഇന്ത്യ സഖ്യം ഛിന്നഭിന്നമായെന്ന പ്രചരണം ശക്തമാക്കിയിരിക്കെയാണ് സഭാ നേതാക്കളുടെ യോഗം ചേര്‍ന്ന് ഒരുമിച്ച് മുന്നേറുന്നതിന് തീരുമാനിച്ചിരിക്കുന്നത്.
ഖാര്‍ഗെയ്ക്ക് പുറമേ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം, പ്രമോദ് തിവാരി (കോണ്‍ഗ്രസ്), എളമരം കരീം (സിപിഐ(എം), തിരുച്ചി ശിവ (ഡിഎംകെ), ഫെയ്സ് അഹമ്മദ് (ആര്‍ജെഡി), റാംഗോപാല്‍ യാദവ് (സമാജ്‌വാദി പാര്‍ട്ടി), വന്ദന ചവാന്‍ (എന്‍സിപി), രാഘവ് ഛദ്ദ (എഎപി), ലലന്‍ സിങ് (ജെഡിയു), ജയന്ത് ചൗധരി (ആര്‍എല്‍ഡി), വൈകോ (എംഡിഎംകെ), മഹുവ മാജി (ജെഎംഎം), ഡി രവികുമാര്‍ (വിസികെ), ഹസ്നൈന്‍ മസൂദി (നാഷണല്‍ കോണ്‍ഫറന്‍സ്) എന്നിവരും കേരള കോണ്‍ഗ്രസ്, ആര്‍എസ്‌പി, ലീഗ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തോടെ ഇന്ത്യാ സഖ്യം കളമൊഴിഞ്ഞുവെന്ന് ആരും കരുതേണ്ടെന്ന് ബിനോയ് വിശ്വം പാർലമെന്റിൽ പറഞ്ഞു. മുഖ്യ എതിരാളിയെ ഒന്നിച്ച് എതിർക്കാൻ കഴിയാത്തത് കൊണ്ടാണ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്. ഇന്ത്യൻ സമ്പദ്ഘടനയെപ്പറ്റി നടന്ന ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സമ്പദ്ഘടനയുടെ യാഥാർത്ഥ്യങ്ങളും ജനങ്ങളുടെ ജീവിത ദുരിതങ്ങളും പ്രചാരവേല കൊണ്ട് സർക്കാർ മൂടി വയ്ക്കുയാണ്. ബേഠി ബചാവോ പദ്ധതി ഫണ്ടിന്റെ സിംഹഭാഗവും പ്രചാരണത്തിനാണ് ചെലവിട്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ഇന്ത്യ സഖ്യത്തിന്റെ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന പ്രചരണം വാസ്തവമല്ലെന്ന വിശദീകരണവുമായി ടിഎംസി നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി രംഗത്തെത്തി. യോഗം നേരത്തെ തീരുമാനിക്കാതിരുന്നതിനാല്‍ മറ്റ് പരിപാടികള്‍ മൂലം പങ്കെടുക്കാനാവാത്ത സ്ഥിതിയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. 10 ദിവസമെങ്കിലും നേരത്തെ അറിയിപ്പ് കിട്ടേണ്ടതുണ്ട്. രണ്ടുദിവസം മുമ്പാണ് യോഗവിവരം ലഭിക്കുന്നത്. മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് അടുത്ത യോഗത്തില്‍ പങ്കെടുക്കുമെന്നും അവര്‍ പറഞ്ഞു. 

എല്ലാവരുടെയും സൗകര്യത്തിനനുസരിച്ച് അടുത്ത യോഗം ചേരുമെന്നും എല്ലാകാര്യങ്ങളും അവിടെ തീരുമാനിക്കുമെന്നും ശിവസേന (യുബിടി) നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു. ഞങ്ങള്‍ ഒറ്റക്കെട്ടാണ്, അത് 2024ലെ തെരഞ്ഞെടുപ്പില്‍ കാണാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry; A joint meet­ing of India-Alliance Par­lia­men­tary Lead­ers will move for­ward together

You may also like this video

Exit mobile version