Site iconSite icon Janayugom Online

തിരുവനന്തപുരം സ്വദേശിയെ ചെന്നൈയിൽ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം സ്വദേശിയായ കാർ ഡ്രൈവറെ ചെന്നൈയില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പനച്ചമൂട് സ്വദേശിയായ അസുറുദ്ദീൻ ഷാ(34) ആണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 21നാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് പനച്ചമൂട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിൽ മണിപ്പക്കത്ത് ഷണ്മുഖം എന്നയാളിന്റെ വാഹനം ഓടിച്ചു വരികയായിരുന്നു അസുറുദ്ദീൻ ഷാ. വാഹനം ഓടിയതുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങളുടെ പേരില്‍, ഷണ്മുഖത്തിന്റെ സുഹൃത്തുക്കളായ വെള്ളറട പനച്ചമൂട് പാറവളവ് സ്വദേശി ഹാജാ (30), പനച്ചമൂട് സ്വദേശി ഷമീർ (27) എന്നിവര്‍ ചെന്നൈയിലെത്തി അസുറുദ്ദീൻ ഷായെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 

പ്രതികള്‍ അസുറുദ്ദീൻഷായെ റൂമിൽ പൂട്ടിയിട്ട് മർദ്ദിച്ചവശനാക്കിയതിനുശേഷം 10000 രൂപ അടിയന്തരമായി എത്തിച്ചുകൊടുക്കണമെന്ന് ഭാര്യയോട് ആവശ്യപ്പെടുകയായിരുന്നു. ഷായുടെ ഭാര്യ നാതിയ 7000 രൂപ സംഘടിപ്പിച്ച് ഷൺമുഖത്തിന്റെ അക്കൗണ്ടിൽ ഇട്ടുകൊടുത്തു. അതിന് ശേഷമാണ് ഷായെ പ്രതികള്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ ഷാ മരണപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഹാജായെ പനച്ചമൂട്ടില്‍ വച്ച് മണിപ്പക്കം പോലീസ് സ്റ്റേഷനിൽ നിന്നെത്തിയ പൊലീസ് സംഘം പിടികൂടി. കേസിലെ മറ്റൊരു പ്രതിയായ ഷമീര്‍ ഒളിവിലാണ്. കൂടുതല്‍ പേര്‍ കൊലപാതകസംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

Exit mobile version