ഒന്നര വയസുള്ള മകനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ മാതാവിനെ ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. ഇലപ്പള്ളി സ്വദേശി ജെയ്സമ്മ (സുനിത)യെ ആണ് തൊടുപുഴ ഫസ്റ്റ് അഡീഷണല്‍ ജഡ്ജി നിക്സണ്‍ എം ജോസഫ് ശിക്ഷിച്ചത്. മകനെ കൊലപ്പെടുത്തിയ ശേഷം ജെയ്സമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. 2016 ഫെബ്രുവരി 16‑നായിരുന്നു കേസിനാസ്പദമായ സംഭവം. സമീപത്ത് താമസിക്കുന്ന 96 കാരിയെ തലയ്ക്ക് പരിക്കേറ്റ് അബോധാവസ്ഥയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഇവരെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് യുവതി മകനെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
സംഭവ ദിവസം വീട്ടിലെത്തിയ ജെയ്സമ്മ രാത്രി ഭര്‍ത്താവും വീട്ടുകാരുമായി വഴക്കിട്ട് മുറിക്കുള്ളില്‍ കയറി വാതിലടച്ചിരുന്നു. പുലര്‍ച്ചെ ഭര്‍ത്താവ് മുറിയില്‍ മുട്ടിവിളിച്ചപ്പോള്‍ ഇവര്‍ ഇരുകൈകളും ബ്ലേഡ് കൊണ്ട് മുറിച്ച നിലയില്‍ ഇറങ്ങി വരികയായിരുന്നു. കുട്ടിയെ മുറിയ്ക്കുള്ളില്‍ മരിച്ച നിലയിലും കണ്ടെത്തി. തുടര്‍ന്ന് കേസ് അന്വേഷിച്ച കാഞ്ഞാര്‍ പൊലീസ് കുട്ടിയെ കൊലപ്പെടുത്തിയതിന് ജെയ്സമ്മയ്ക്കേതിരെ കേസ് എടുക്കുകയായിരുന്നു. സാഹചര്യതെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരിയാണെന്നു കണ്ടെത്തിയത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി എസ് രാജേഷ് ഹാജരായി.
വയോധികയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ സംഭവം നാട്ടില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇവരുടെ സ്വര്‍ണ മാല മോഷണം പോയതായും പരാതിയുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഒട്ടേറെ പേരെ പൊലീസ് ചോദ്യം ചെയ്തെങ്കിലും തുമ്പുണ്ടായില്ല. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചതിനെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും തെളിവൊന്നും ലഭിച്ചില്ല. മൂന്നു മാസം അബോധാവസ്ഥയില്‍ കഴിഞ്ഞ വയോധിക പിന്നീട് മരിക്കുകയും ചെയ്തു.
English Summary: A mother who strangled her one-and-a-half-year-old son was jailed for life and fined
You may also like this video