Site iconSite icon Janayugom Online

ചൂരല്‍മലയില്‍ പുതിയ പാലം നിര്‍മ്മിക്കും; 35 കോടിയുടെ പദ്ധതിക്ക് അംഗീകാരം

വയനാട് ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും തകര്‍ന്ന ചൂരല്‍മല പാലം കൂടുതല്‍ ബലവത്തായി ഉറപ്പോടെ നിര്‍മ്മിക്കും. ഇതിനായി 35കോടി രൂപയുടെ പദ്ധതി നിര്‍ദ്ദേശം അംഗീകരിച്ചതായി സംസ്ഥാനധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ചൂരല്‍മല ടൗണില്‍ നിന്നു മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലാണ് പാലം പണിയുക. മേപ്പാടിയെ മുണ്ടക്കൈ, ആട്ടമലയുമായി ബന്ധിപ്പച്ചിരുന്ന പാലമാണ് പുനര്‍നിര്‍മ്മിക്കുന്നത്. ഇനിയൊരു അപകടമുണ്ടായാല്‍ അതിജീവിക്കാന്‍ ശേഷിയുള്ള വിധത്തിലായിരിക്കും പാലത്തിന്റെ നിര്‍മ്മിതി.

കഴിഞ്ഞ ദുരന്തകാലത്ത്‌ പുഴയിലുണ്ടായ പരമാവധി ഉയർന്ന വെള്ളത്തിന്റെ അളവ് തിട്ടപ്പെടുത്തി അതിനെക്കാൾ ഉയരത്തിലായിരിക്കും പാലം പണിയുക. മുൻപുണ്ടായിരുന്ന പാലത്തിനെക്കാൾ ഉയരം പുതിയ പാലത്തിനുണ്ടാവും. ആകെ നീളം 267.95 മീറ്ററായിരിക്കും. പുഴയുടെ മുകളിൽ 107 മീറ്ററും ഇരു കരകളിലും 80 മീറ്റർ നീളവും പാലത്തിനുണ്ടാവും. ഉയരം കൂട്ടി നിർമിക്കുന്നതിനാലാണ് ഇരു കരകളിലും 80 മീറ്റർ നീളത്തിൽ പണിയുന്നത്. വെള്ളത്തിൽ തൂണുകളുണ്ടാവില്ല. ഇരു കരകളിലുമാണ് പാലത്തിന്റെ അടിസ്ഥാനം നിർമിക്കുക. കഴിഞ്ഞവർഷം ജൂലൈ 30നാണ്‌ ഉരുൾപ്പെട്ടലിനെത്തുർന്നുണ്ടായ മലവെള്ളപ്പാച്ചലിൽ പാലം ഒലിച്ചുപോയത്‌. 

Exit mobile version