Site iconSite icon Janayugom Online

ഭദ്രയുടെ കൈകളില്‍ പിറന്ന പുതുചരിത്രം

സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രവേശനോത്സവത്തിനായുള്ള കാത്തിരിപ്പിലാണ് കുരുന്നുകള്‍. ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് ഇത്തവണത്തെ പ്രവേശനോത്സവം. ചരിത്രത്തിലാദ്യമായി വിദ്യാര്‍ത്ഥിയുടെ കവിത പ്രവേശനോത്സവ ഗാനമാകുന്നു. ഈ ചരിത്രം പിറന്നതാകട്ടെ അടൂര്‍ വടക്കടത്തുകാവ് സ്വദേശിനി ഭദ്ര ഹരിയുടെ കൈകളിലൂടെ. ’ മഴമേഘങ്ങള്‍ പന്തലൊരുക്കിയ പുതുവര്‍ഷത്തിന്‍ പൂന്തോപ്പില്‍ കളിമേളങ്ങള്‍ വര്‍ണം വിതറിയൊരവധിക്കാലം മായുന്നു..’ എന്നു തുടങ്ങുന്ന കവിത എഴുതാന്‍ കേവലം രണ്ടു ദിവസം മാത്രമേ വേണ്ടി വന്നുള്ളു ഭദ്രയ്ക്ക്. അച്ഛനേയും അമ്മയേയും എഴുതിയ കവിത ചൊല്ലിക്കേള്‍പ്പിച്ചു. അപ്പോഴും ഭദ്ര കരുതിയില്ല, അവള്‍ ചരിത്രത്തിന്റെ ഭാഗമാകുമെന്ന്. പ്രവേശനോത്സവ ഗാനം ക്ഷണിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പ് ശ്രദ്ധയില്‍പ്പെട്ട ഭദ്ര കവിത എഴുതാന്‍ തീരുമാനിക്കുകയായിരുന്നു. മേയ് പകുതിയോടെ തന്റെ കവിത തെര‌ഞ്ഞെടുത്തു എന്നുള്ള അറിയിപ്പ് ലഭിച്ചപ്പോള്‍ ഭദ്രയുടെ വീടായ കാംബോജിയില്‍ സന്തോഷം നിറഞ്ഞു. കൊട്ടാരക്കര താമരക്കുടി എസ്‌വിവിഎച്ച്എസ്എസിലെ വിദ്യാർത്ഥിനിയായ ഭദ്ര പ്ലസ് വണ്‍ പ്രവേശനത്തിനായി കാത്തിരിക്കുകയാണ്. എട്ട്, ഒമ്പത് ക്ലാസുകളില്‍ സംസ്ഥാന കലോത്സവത്തില്‍ മലയാളം കവിതാ രചനയ്ക്ക് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. ഇക്കൊല്ലം ലളിതഗാന മത്സരങ്ങളില്‍ സബ് ജില്ലയില്‍ സമ്മാനങ്ങളും ലഭിച്ചു.

കഴിഞ്ഞ ഒന്നര വര്‍ഷമായി അജി പന്തളത്തിനു കീഴില്‍ സംഗീതവും അഭ്യസിക്കുന്നു. അ‌‌ഞ്ചാം ക്ലാസ് മുതലാണ് ഭദ്ര എഴുതിത്തുടങ്ങുന്നത്. ഇതുവരെ എഴുതിയ 15 കവിതകള്‍ ചേര്‍ത്തുവെച്ച് ‘ധനുമാസ പൗര്‍ണമി’ എന്ന പേരില്‍ പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴി‌ഞ്ഞ വര്‍ഷം സ്കൂളില്‍ നടന്ന പ്രവേശനോത്സവത്തിലായിരുന്നു പ്രകാശനം. ഇത്തവണത്തെ പ്രവേശനോത്സവത്തില്‍ വലിയ അവസരം തേടിയെത്തിയതിന്റെ സന്തോഷവും ഭദ്ര മറച്ചുവച്ചില്ല. എല്ലാ പുസ്തകങ്ങളും വായിക്കാന്‍ സമയം കണ്ടെത്താറുള്ള ഭദ്രയ്ക്ക് കോളജ് അധ്യാപിക ആകണമെന്നാണ് ആഗ്രഹം. ഡെപ്യൂട്ടി തഹസില്‍ദാറായ അച്ഛന്‍ ആര്‍ ഹരീന്ദ്രനാഥും ഹൈസ്കൂള്‍ അധ്യാപികയായ അമ്മ എസ് സുമയും അനുജത്തി ധ്വനിയും ഭദ്രയുടെ സ്വപ്നങ്ങള്‍ക്ക് കൂട്ടായുണ്ട്. മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് നേരിട്ട് വിളിച്ചു ജൂണ്‍ രണ്ടിന് ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന പ്രവേശനോത്സവത്തിലേക്ക് ക്ഷണിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ക്ഷണക്കത്ത് ഭദ്രയ്ക്ക് മന്ത്രി കൈമാറി. തനിക്ക് മുന്നില്‍ കവിത ചൊല്ലിയ ഭദ്രയെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനം സംഗീത സംവിധായകൻ അൽഫോൺസ് ജോസഫാണ് ചിട്ടപ്പെടുത്തിയതും ആലപിച്ചതും. അനു തോമസ്, അലീന മേരി ഷിബു, ജെറിൻ ജോർജ്ജ് എന്നിവരും ഗാനാലാപനത്തിന്റെ ഭാഗമായി.

Exit mobile version