Site iconSite icon Janayugom Online

മാതാപിതാക്കൾ പാലത്തിൽ നിന്നും വലിച്ചെറിഞ്ഞ നവജാത ശിശു തിരികെ ജീവിതത്തിലേക്ക്

ആഗസ്റ്റില്‍ ഉത്തര്‍പ്രദേശിലെ ഹമിര്‍പൂറില്‍ പാലത്തില്‍ നിന്നും മാതാപിതാക്കള്‍ വലിച്ചെറിഞ്ഞതിനെത്തുടര്‍ന്ന് 7 ദിവസം പ്രായമായ കുഞ്ഞിനെ ഒരു മരത്തില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയിരുന്നു. മൃഗങ്ങളുടെ ആക്രമണം മൂലം മുതുകില്‍ വലിയൊരു മുറിവ് ഉള്‍പ്പെടെ ശരീരത്തില്‍ 50ഓളം മുറിവുകള്‍ ഏറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ കുഞ്ഞ് രക്ഷപ്പെടുമോയെന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല. 

ആഗസ്റ്റ് 26 ജന്മാഷ്ടമി ദിനത്തില്‍ കിട്ടിയതിനാല്‍ കൃഷ്ണ എന്ന് പേര് നല്‍കിയ കുഞ്ഞ് 2 മാസത്തിന് ശേഷം പൂര്‍ണ ആരോഗ്യവാനായി ആശുപത്രി വിടുമ്പോള്‍ ആശുപത്രിയിലെ ജീവനക്കാരില്‍ കണ്ണ് നനയാത്തവരായി ആരുമില്ലെന്നും എല്ലാവരും കുഞ്ഞുമായി അത്രയധികം അടുത്തിരുന്നെന്നും കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ പറയുന്നു.

ഹമിര്‍പൂരിലെ ജില്ലാ ആശുപത്രിയില്‍ നിന്നുമാണ് കുഞ്ഞിനെ ഇവിടേക്ക് വിട്ടതെന്നും കാണ്‍പൂരിലെ ലാലാ ലജ്പത് റായ് ആശുപത്രിയിലെ പ്രിന്‍സിപ്പല്‍ പറഞ്ഞു.

”ഹമിര്‍പൂരിലെ ഒരു പാലത്തില്‍ നിന്നും വലിച്ചെറിയപ്പെട്ട കുട്ടി ഭാഗ്യവശാല്‍ ഒരു വലിയ മരത്തില്‍ കുടുങ്ങുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ അവന് വലിയ പരിക്കുകള്‍ ഉണ്ടായിരുന്നു. അതുപോലെ തന്നെ മുതുകില്‍ വലിയൊരു മുറിവേറ്റത് കാക്കകളോ മറ്റേതെങ്കിലും പക്ഷികളോ ആക്രമിച്ചതിനാലാകാം. ഹമിര്‍പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും അവനെ ഞങ്ങള്‍ക്ക് ലഭിക്കുമ്പോള്‍് 50 മുറിവുകളോടെ അത്യാസന്ന നിലയിലായിരുന്നുവെന്നും” ഡോ.സഞ്ജയ് കല പറഞ്ഞു.

കുഞ്ഞിന്റെ ചികിത്സ ഏകദേശം 2 മാസത്തോളം നീണ്ടുവെന്നും ഒക്ടോബര്‍ 24ന് കുട്ടിയെ പൊലീസും ശിശുക്ഷേമ സമിതിയിലെ അംഗങ്ങളും ചേര്‍ന്ന് ഏറ്റുവാങ്ങിയെന്നും ഡോ.കല കൂട്ടിച്ചേര്‍ത്തു.

Exit mobile version