Site iconSite icon Janayugom Online

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരെ പാലക്കാട് സ്വദേശിനിയുടെ പീഡന ആരോപണം

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരെ പാലക്കാട് സ്വദേശിനിയുടെ പീഡന ആരോപണം. ആര്‍എസ്എസ്-ബിജെപി നേതാക്കളെ നേരിട്ട് കണ്ട് പരാതി ഉന്നയിച്ചിട്ടും ഫലമുണ്ടായില്ലെന്നും യുവതി പറയുന്നു. അതേസമയം സ്വത്ത് തര്‍ക്കത്തിന്റെ ഭാഗമായുള്ള പരാതിയാണ് ഇതെന്നാണ് സി കൃഷ്ണകുമാറിന്റെ പ്രതികരണം. ലെെംഗിക അതിക്രമത്തിന് ഇരയായെന്ന് കാണിച്ച് യുവതി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പരാതി നൽകി. 

സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായത് ഉൾപ്പെടെയുള്ള ബിജെപി പ്രതിഷേധത്തിന്റെ മുൻനിരയിൽ കൃഷ്ണകുമാറുണ്ട്. എന്നാൽ ഇത്തരം പ്രതിഷേധങ്ങൾക്ക് നേതൃത്വം കൊടുക്കാനുള്ള ധാർമികമായ യോഗ്യത അദ്ദേഹത്തിനില്ലെന്നും പരാതിക്കാരി പറയുന്നു.കഴിഞ്ഞ ദിവസമാണ് രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസിലേക്ക് യുവതി പരാതി ഇ മെയിലായി അയക്കുന്നത്. 

നിലവിൽ രാജീവ് ചന്ദ്രശേഖർ ബംഗളൂരുവിലാണ് . അദ്ദേഹം മടങ്ങിയെത്തിയ ശേഷം നടപടി സ്വീകരിക്കാമെന്ന് കാണിച്ച് അദ്ദേഹത്തിന്റെ ഓഫീസ് യുവതിക്ക് മറുപടിയും അയച്ചിട്ടുണ്ട്.കുറച്ചു വർഷം മുൻപ് കൃഷ്ണകുമാറിൽനിന്ന് ലൈംഗിക അതിക്രമം നേരിട്ടുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. തുടർന്ന് എളമക്കരയിലെ ആർഎസ്എസ് സംസ്ഥാന ഓഫീസിലെത്തി ഗോപാലൻകുട്ടി മാസ്റ്ററോടും പിന്നീട് ബിജെപി നേതാക്കളായ വി മുരളീധരനോടും എം ടി രമേശിനോടും പരാതി ഉന്നയിച്ചു. നീതി ലഭ്യമാക്കാമെന്നും കൃഷ്ണകുമാറിനെതിരേ നടപടി കൈക്കൊള്ളാമെന്നും എല്ലാവരും ഉറപ്പുനൽകി. എന്നാൽ ഇതുവരെ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല, യുവതി പരാതിയിൽ ആരോപിക്കുന്നു.

Exit mobile version