തൈക്കാട്ടുശ്ശേരി പി എസ് കവലയിലുള്ള പെട്രോൾ പമ്പ് ഓഫീസ് കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ രണ്ട് പേർ പിടിയിൽ. തൃശൂർ കൊരട്ടി എരിയാംകുടി അന്നമനട ചെമ്പാട്ട് വീട്ടിൽ റിയാദ് (24), എറണാകുളം നോർത്ത് പറവൂർ ചിറ്റാറ്റുകര ചന്തത്തോപ്പിൽ വീട്ടിൽ മിഥുൻ സി എ (27) എന്നിവരെയാണ് പൂച്ചാക്കൽ പോലീസ് തൃശൂരിൽനിന്ന് അറസ്റ്റ് ചെയ്തത്. ജനുവരി 22ന് രാത്രി 11.36നായിരുന്നു സംഭവം.
ഓഫീസ് മുറിയുടെ ഷട്ടർ തുറന്ന് ഗ്ലാസ് ഡോറിന്റെ ലോക്ക് പൊളിച്ചാണ് ഇവർ അകത്തുകയറിയത്. മേശപ്പുറത്തെ ബാഗിലുണ്ടായിരുന്ന 18,500 രൂപയും മേശവലിപ്പ് കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന 24,950 രൂപയും ഉൾപ്പെടെ 43,450 രൂപയും മൊബൈൽ ഫോണുമാണ് കവർന്നത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. പിടിയിലായവർ നിരവധി മോഷണക്കേസുകളിൽ പ്രതികളും ജയിൽശിക്ഷ അനുഭവിച്ചവരുമാണ്. റിയാദ് കഴിഞ്ഞ ഡിസംബർ 31നാണ് ജയിൽ മോചിതനായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

