രാഷ്ട്രപതി ദ്രൗപതി മുര്‍മു മാളികപ്പുറം ക്ഷേത്രത്തില്‍ തൊഴുത് നില്‍ക്കുന്ന ചിത്രത്തിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നതോടെ ചിത്രം എക്സില്‍ നിന്ന് പിന്‍വലിച്ച് രാഷ്ട്രപതി ഭവന്‍. ശ്രീകോവിലിന്‍റെ ഉള്‍വശവും വിഗ്രഹവും ദൃശ്യമാകുന്ന രീതിയിലായിരുന്നു ചിത്രം. പോസ്റ്റിന് താഴെ വിമര്‍ശനങ്ങളുയര്‍ന്നതോടെ ചിത്രം ഔദ്യോഗിക പേജില്‍ നിന്ന് നീക്കം ചെയ്യുകയായിരുന്നു.
ഇന്നലെയാണ് രാഷ്ട്രപതി നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയത്. ഇന്ന് ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കിയശേഷം രാഷ്ട്രപതി തിരുവനന്തപുരത്തേക്ക് മടങ്ങി. രാഷ്ട്രപതിയുടെ ബഹുമാനാര്‍ത്ഥം ഗവര്‍ണര്‍ അത്താഴവിരുന്ന് ഏര്‍പ്പെടുത്തി.
നാളെ 10.30ന് രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെആര്‍ നാരായണന്‍റെ പ്രതിമ അനാച്ഛാദനം ചെയ്ത ശേഷം ഉച്ചയ്ക്ക് 12.50ന് ശിവഗിരിയിലെത്തി ശ്രീനാരായണഗുരു മഹാസമാധി ശതാബ്ദി ആചരണത്തിന്‍റെ ഉദ്ഘാടനവും നിര്‍വഹിക്കും. 24നാകും രാഷ്ട്രപതി മടങ്ങുക.

