കൊല്ലം മയ്യനാട് പാളം മുറിച്ച് കടക്കുന്നതിനിടെ ട്രയിന്‍ ഇടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ചു. കോയിപ്പാട് വിളയില്‍ അജിയുടെയും ലീജയുടെയും മകള്‍ ദേവനന്ദയാണ് മരിച്ചത്. മയ്യനാട് ഹയര്‍ സെക്കണ്ടറി സ്കൂൾ വിദ്യാര്‍ത്ഥിനിയാണ്.
സ്‌ക്കൂള്‍ വിട്ട് വീട്ടിലേക്ക് വരുമ്പോഴായിരുന്നു ദാരുണ സംഭവം. മയ്യനാട് സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ നാഗര്‍ കോവില്‍-കോട്ടയം പാസഞ്ചര്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ദേവനന്ദയും മറ്റൊരു സുഹൃത്തും ചേര്‍ന്ന് പാളം കടന്ന് രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ തിരുവനന്തപുരത്തേക്ക് പോകുന്ന നേത്രാവതി എക്‌സ്പ്രസ്സ് എത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടിയെ മറ്റ് കുട്ടികള്‍ ചേര്‍ന്ന് പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചുകയറ്റി. ദേവനന്ദയെ കയറ്റാന്‍ ശ്രമിക്കുമ്പോഴേക്കും ട്രയിന്‍ ഇടിച്ച് വീഴ്ത്തുകയായിരുന്നു.