Site iconSite icon Janayugom Online

അകാലത്തില്‍ പൊലിഞ്ഞ വഴിവിളക്ക്

kanam 2kanam 2

ഡിസംബര്‍ എട്ട് വെെകുന്നേരം തോപ്പില്‍ഭാസി അനുസ്മരണം നടന്നുകൊണ്ടിരിക്കെയാണ് ആദ്യം ചില സന്ദേഹങ്ങളായും ആശങ്കകളായുമൊക്കെ ആ വാര്‍ത്ത സമ്മേളന വേദിയിലേക്ക് എത്തിയത്. സഖാവ് കാനം രാജേന്ദ്രന്‍ ഇനി നമ്മളോടൊപ്പമില്ല. തികച്ചും അപ്രതീക്ഷിതമായ ആ വാര്‍ത്ത സൃഷ്ടിച്ച ആഘാതത്തില്‍ നിശബ്ദരായി സഖാക്കള്‍ പിരിഞ്ഞുപോയി. തോപ്പില്‍ഭാസി നമ്മളെ വിട്ടുപോയതും ഒരു ഡിസംബര്‍ എട്ടിനായിരുന്നു, 1992 ഡിസംബര്‍ എട്ട്. സഖാവ് കാനം രാജേന്ദ്രന്റെ അപ്രതീക്ഷിത വേര്‍പാട് പാര്‍ട്ടിക്കും ഇടതുപക്ഷ പ്രസ്ഥാനത്തിനും സൃഷ്ടിച്ച ആഘാതം വളരെ വലുതാണ്. ഏത് പ്രതിസന്ധികളിലും പതറാത്ത സഖാവിന്റെ അചഞ്ചലമായ നേതൃത്വം സംസ്ഥാനത്തെ പാര്‍ട്ടിയുടെ അടിത്തറ വിപുലമാക്കി. ജനപ്രതിനിധികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായി. എഴുപതുകള്‍ മുതല്‍ എംഎന്‍, ടിവി, എന്‍ ഇ ബാലറാം തുടങ്ങിയ മഹാരഥന്മാരായ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കൊപ്പം പാര്‍ട്ടിയുടെ ഉപരിഘടകങ്ങളില്‍ പ്രവര്‍ത്തിച്ച, എ ബി ബര്‍ദാനോടൊപ്പം പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തില്‍ വന്ന സഖാവ് കാനം രാജേന്ദ്രന്റെ പൊതുജീവിതം, ദേശീയ, സംസ്ഥാന രാഷ്ട്രീയത്തിലെ പ്രക്ഷുബ്ധമായ അനേകം സന്ദര്‍ഭങ്ങളിലൂടെ കടന്നുപോയി; അവയിലെല്ലാം തന്നെ നേതൃത്വപരമായ പങ്ക് വഹിച്ചുകൊണ്ട്.


ഇതുകൂടി വായിക്കൂ:  കാനം എന്ന ചെന്താരകത്തിന് അന്ത്യാഭിവാദ്യം നല്‍കി കേരളം


ആറ്റന്‍ബറോയുടെ ഗാന്ധിയെക്കുറിച്ചുള്ള ചലച്ചിത്രത്തില്‍ അവിസ്മരണീയമായ ഒരു രംഗമുണ്ട്. സബര്‍മതി ആശ്രമത്തില്‍ വട്ടമേശ സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് ഗാന്ധിജിയുടെ അധ്യക്ഷതയില്‍ യോഗം നടക്കുന്നു. ദൂരെ ആശ്രമവളപ്പില്‍ ഒരു പശുക്കുട്ടി കയര്‍ കുരുങ്ങി അമ്മപ്പശുവിന്റെ പാല് കുടിക്കാനാവാതെ ബുദ്ധിമുട്ടുന്നു. യോഗത്തില്‍ നിന്നിറങ്ങി ഗാന്ധി ആ പശുക്കുട്ടിയുടെ കയറിന്റെ കുരുക്കഴിക്കുന്നു. ആ പശുക്കുട്ടി അമ്മയുടെ അടുത്തേക്ക് ഓടിപ്പോവുന്നു. ഒന്നും സംഭവിക്കാത്ത മട്ടില്‍ ഗാന്ധി യോഗത്തിലെ ചര്‍ച്ചകളിലേക്ക് മടങ്ങുന്നു. സഖാവ് കാനത്തിന്റെ വ്യക്തിത്വത്തിലും ഏറ്റവും പരിഗണനയര്‍ഹിക്കുന്നവരോട് ഇതുപോലുള്ള കരുതലിന്റെ ബഹിര്‍സ്ഫുരണങ്ങള്‍ എന്നുമുണ്ടായിരുന്നു. കാനം എന്ന പൊതുപ്രവര്‍ത്തകന്റെ ഓഫിസിന്റെയും മനസിന്റെയും വാതിലുകള്‍ എന്നും പാവപ്പെട്ട മനുഷ്യരുടെ പരിദേവനങ്ങള്‍ക്കു മുന്നില്‍ തുറന്നുകിടന്നു. വൃദ്ധരും അവശരുമായ അനേകര്‍ കടുത്ത അനീതിക്ക് വിധേയരായവര്‍, ഇവരുടെയെല്ലാം പരാതികള്‍ എന്നും ക്ഷമയോടെയും ശ്രദ്ധയോടെയും കാനം കേട്ടു. അപ്പോള്‍ത്തന്നെ അവയിലിടപെട്ടു. പരിഹാരം കണ്ടെത്തി. വിസ്മൃതിയിലേക്കുപോയ പഴയ പാര്‍ട്ടി സഖാക്കള്‍ അവരുടെ കുടുംബങ്ങള്‍ എല്ലാം കാനത്തിന്റെ കരുതലിലുണ്ടായിരുന്നു. വിറയാര്‍ന്ന കെെപ്പടയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല പ്രവര്‍ത്തകനും സ്വാതന്ത്ര്യസമരസേനാനിയുമായ സഖാവിന്റെ കത്ത് കാനത്തിന് ലഭിക്കുന്നു. മകളുടെ കൂടെയാണുള്ളത്. കൊച്ചുമകള്‍ ബിരുദാനന്തര ബിരുദധാരിയാണ്. കത്തില്‍ ഇത്രയും കാര്യങ്ങളേയുള്ളു. ജോലി വേണമെന്നോ, സഹായിക്കണമെന്നോ സേലം ജയിലില്‍ കിടന്ന ആ സഖാവ് എഴുതിയിട്ടില്ല. ഈ കത്ത് വായിച്ച് സഖാവ് കാനം കുറച്ചുസമയം നിശബ്ദനായി. ദിവസങ്ങള്‍ക്കകം കൊച്ചുമകള്‍ക്ക് ജോലി ലഭിച്ചു. കത്തെഴുതിയ ആ വലിയ മനുഷ്യന്റെ അവസാന ദിനങ്ങളില്‍ നല്ല പരിചരണം ലഭിച്ചു. സഖാവ് കാനം വാക്കുകളിലൂടെയല്ല, നിശബ്ദമായ കരുതലിലൂടെയാണ് എണ്ണമറ്റ മനുഷ്യരുടെ ഹൃദയങ്ങളിലിടം നേടിയത്. കേരള സംസ്ഥാന ഘടകത്തെ ഇന്ത്യയിലെ ഏറ്റവും ശക്തമായ പാര്‍ട്ടിഘടകമായി മാറ്റിയത്.


ഇതുകൂടി വായിക്കൂ: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ നേതാവ്


പൊതുവിഷയങ്ങളില്‍ അളന്നുമുറിച്ച വാക്കുകളില്‍ കൃത്യമായി പ്രതികരിച്ചിരുന്ന സഖാവ് സ്വകാര്യ സംഭാഷണങ്ങളില്‍ ഒരിക്കലും വാക്കുകള്‍ക്ക് പിശുക്ക് കാട്ടിയിരുന്നില്ല. നര്‍മ്മമധുരമായി ഏത് വിഷയത്തെക്കുറിച്ചും നമുക്ക് വലിയ ഉള്‍ക്കാഴ്ച നല്കിക്കൊണ്ടുള്ള സഖാവിന്റെ വാക്കുകള്‍ നമ്മുടെ ധാരണകള്‍ക്ക് എന്നും പുതിയ വെളിച്ചം പകര്‍ന്നു. തിരക്കേറിയ പൊതുജീവിതം ഒരിക്കലും സഖാവിന്റെ പുസ്തകങ്ങളോടും നവസിനിമയോടുമുള്ള താല്പര്യങ്ങള്‍ക്ക് തടസമായില്ല. യാത്രകളിലും വിശ്രമവേളകളിലും പുതിയ പുസ്തകങ്ങള്‍ സഖാവ് വായിച്ചുതീര്‍ത്തു. ആയുര്‍വേദ ചികിത്സയില്‍ കിടന്ന രണ്ടാഴ്ചയ്ക്കുള്ളില്‍ കാറല്‍മാര്‍ക്സ് മൂലധനം എന്ന പുസ്തകത്തിന്റെ രചനയ്ക്കായി തയ്യാറാക്കിയ നോട്ടുകള്‍ പൂര്‍ണമായി പ്രസിദ്ധീകരിച്ചത് മുഴുവനായി വായിക്കുകയും അതില്‍നിന്നും കുറിപ്പുകളെഴുതി സൂക്ഷിക്കുകയും ചെയ്തത് ഒട്ടൊരത്ഭുതത്തോടെയേ കാണാന്‍ കഴിഞ്ഞുള്ളു. മാര്‍ക്സിന്റെ കുറിപ്പുകള്‍ വായിച്ചുതീര്‍ന്നിട്ട് പറഞ്ഞത് ‘ഈ കുറിപ്പുകളാണ് സത്യത്തില്‍ ആദ്യം വായിക്കേണ്ടത്. ഈ കുറിപ്പുകള്‍ നേരത്തെ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നെങ്കില്‍ മൂലധനം കൂടുതല്‍ വ്യക്തതയോടെ വായിക്കപ്പെടുമായിരുന്നു’ എന്നാണ്.


ഇതുകൂടി വായിക്കൂ: വാക്കുകള്‍ക്കതീതമീ വേദന: ആലപ്പുഴക്കാരുടെ ഓര്‍മ്മയില്‍ കാനം


2015ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ സ്വെറ്റ്‌ലാന അലക്സിവിച്ചിന്റെ ‘സെക്കന്റ് ഹാന്റ് ടെെം’ എന്ന പുസ്തകം ‘ക്ലാവ് പിടിച്ച കാലം’ എന്ന പേരില്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്തപ്പോള്‍ പ്രസാധകര്‍ ആ പുസ്തകം സ്വീകരിക്കുവാന്‍ സഖാവിനോട് അഭ്യര്‍ത്ഥിച്ചു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം റഷ്യയിലെ അനേകം സാധാരണ ജനങ്ങളോട് സംസാരിച്ച് സോവിയറ്റ് കാലവും അതിനുശേഷമുള്ള അവരുടെ അനുഭവങ്ങളും‍ ക്രോഡീകരിച്ച എഴുന്നൂറ് പേജുകളുള്ള പുസ്തകം. സഖാവ് ആ പുസ്തകം പൂര്‍ണമായും വായിച്ച്, കുറിപ്പുകള്‍ തയ്യാറാക്കിയാണ് പ്രസിദ്ധീകരണ ചടങ്ങിലേക്ക് പോയത്. പ്രാസംഗികരില്‍ പലരും സോവിയറ്റ് കാലത്തിന്റെ വീഴ്ചകളെക്കുറിച്ച് കമ്മ്യൂണിസം കാലഹരണപ്പെട്ട തത്വശാസ്ത്രമാണെന്നും മറ്റും സംസാരിക്കുന്നത് നിശബ്ദമായി കേട്ടിരുന്നശേഷം സഖാവ് കാനം പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിച്ചു. ‘ഈ പുസ്തകത്തില്‍ ഒരാള്‍പോലും സോവിയറ്റ് സമ്പ്രദായത്തെക്കുറിച്ച് മോശമായി സംസാരിച്ചിട്ടില്ല. സാധാരണ ജനങ്ങളുടെ പരാതി അവര്‍ക്ക് ലോക കമ്പോളത്തിലെ ഏറ്റവും പുതിയ ഉപഭോഗ വസ്തുക്കള്‍, പുത്തന്‍ തലമുറ കാറുകള്‍, ടെലിവിഷന്‍ സെറ്റുകള്‍ മുതല്‍ ജീന്‍സും ഡെനിം ഷര്‍ട്ടുകളുമുള്‍പ്പെടെയുള്ളവ ലഭിക്കുന്നില്ല എന്നതായിരുന്നു. എന്നാല്‍ അവര്‍ സോഷ്യലിസമെന്നാല്‍ ഉജ്വലമായ നീതിയും ന്യായവുമുള്ള ഒരു ലോകം കൂടിയാണെന്നാണ് പറയുന്നത്. മാര്‍ക്സിസം മഹത്തായ ഒരു സിദ്ധാന്തമാണെന്നും അത് ഏത് പ്രതിസന്ധികളെയും അതിജീവിക്കുമെന്നും സോവിയറ്റ് യൂണിയന്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നുമാണ് റഷ്യയിലെ സാധാരണക്കാര്‍ പറയുന്നത്. കൂടാതെ ക്ലാവ് പിടിച്ച പിച്ചള പാത്രങ്ങളെപ്പോലെ തന്നെ തുടച്ചുമിനുക്കിയെടുത്താല്‍ സോവിയറ്റ് സമ്പ്രദായവും ഉജ്വലമായി തിളങ്ങും’ എന്നും പറഞ്ഞുകൊണ്ടാണ് സഖാവ് കാനം പ്രസംഗം അവസാനിപ്പിച്ചത്. സോവിയറ്റ് കാലത്തെ അപച്യുതികളെക്കുറിച്ചെന്ന പേരില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച പുസ്തകത്തെ തികച്ചും വ്യത്യസ്തമായ കോണില്‍ നിന്ന് സമീപിച്ച്, ആ പുസ്തകം പ്രതിപാദിക്കുന്ന സോവിയറ്റ് യൂണിയനെക്കുറിച്ച് റഷ്യയിലെ ജനങ്ങള്‍ സൂക്ഷിക്കുന്ന നല്ല ഓര്‍മ്മകളുടെ പുസ്തകമായി അതിനെ അവതരിപ്പിച്ചുകൊണ്ട് വിമര്‍ശകരുടെ വാദങ്ങള്‍ സഖാവ് ഖണ്ഡിക്കുന്നത് ആരാധനയോടെയാണ് കണ്ടത്.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫിലിം അപ്രിസിയേഷന്‍ കോഴ്സിന് പോയതും ലോകസിനിമയിലെ മികച്ച ക്ലാസിക്കുകള്‍ കണ്ടതും പഠിച്ചതും കാനം സഖാവ് നിറഞ്ഞ സന്തോഷത്തോടെ ഓര്‍ക്കുന്ന കാര്യമാണ്. എല്ലാ വര്‍ഷവും ഗോവ ഫെസ്റ്റിവലിന് പോവുകയാണെന്ന് പറയുമ്പോള്‍ പുഞ്ചിരിയോടെ സഖാവ് പറയുമായിരുന്നു ‘എനിക്ക് വലിയ ആഗ്രഹമുണ്ട്. പക്ഷെ നടക്കില്ലല്ലോ.’ ഐഎഫ്എഫ്‌കെയില്‍ മാര്‍ക്സിന്റെ ചെറുപ്പകാലം (ദി യങ് ലെെഫ് ഓഫ് മാര്‍ക്സ്) എന്ന ചലച്ചിത്രം 2017ല്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ആ ചലച്ചിത്രം കാണണം എന്ന് സഖാവ് ആഗ്രഹിച്ചതും അവസാനം മൂന്നാമത്തെ പ്രദര്‍ശനത്തിന് സെക്കന്റ് ഷോ ആയി കണ്ടതും ഒക്കെ ഇന്ന് ഓര്‍മ്മ മാത്രമായിരിക്കുന്നു. ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും യൗവനകാലത്തെക്കുറിച്ചുള്ള സിനിമ കണ്ടിരുന്ന സഖാവ് സിനിമ കഴിഞ്ഞ ശേഷം പറഞ്ഞത് ഇത്തരം സിനിമകള്‍ വരുമ്പോള്‍ നമുക്ക് പോയി കാണണം എന്നായിരുന്നു. പൊതുജീവിതത്തിന്റെ വലിയ തിരക്കുകള്‍ക്കിടയിലും നല്ല പുസ്തകങ്ങള്‍ക്കും നല്ല സിനിമകള്‍ക്കും ഒക്കെ കാത്തിരുന്ന് അവയെ തുറന്ന മനസോടെ സഖാവ് കാനം രാജേന്ദ്രന്‍ സ്വാഗതം ചെയ്തു.


ഇതുകൂടി വായിക്കൂ: കാനം ശരിയുടെ പക്ഷത്ത് നിലയുറപ്പിച്ച നേതാവ്: ഡി രാജ


സഖാവ് കെ ദാമോദരനുമായി പ്രശസ്ത പത്രപ്രവര്‍ത്തകന്‍ താരിഖ് അലി നടത്തിയ അഭിമുഖം ‘ഒരു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകള്‍’, സ. പി സി ജോഷിയും സ. കെ ദാമോദരനും ചേര്‍ന്നെഴുതിയ ‘മാര്‍ക്സ് ഇന്ത്യയില്‍’ എന്ന ലഘുപുസ്തകം, ഗോവിന്ദ് പന്‍സാരെയുടെ ‘ശിവജി ആരായിരുന്നു’ തുടങ്ങിയ പുസ്തകങ്ങള്‍ ട്രേഡ് യൂണിയന്‍ മാസികയ്ക്കുവേണ്ടിയും പ്രഭാത് ബുക്ക്ഹൗസിനുവേണ്ടിയും ഒട്ടൊരു നിര്‍ബന്ധമായിത്തന്നെ തര്‍ജമ ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ അമ്പരന്നുപോയ എന്നോട് ‘ഇയാള്‍ക്കതിന് കഴിയും’ എന്ന് ധെെര്യം തന്നതും സഖാവാണ്. തീവ്ര കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളുമായി ചര്‍ച്ചയിലൂടെയാണ് അവരെ പൊതുധാരയിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടത് എന്ന നിലപാടായിരുന്നു എന്നും സഖാവ് പുലര്‍ത്തിയിരുന്നത്.

ഒന്നോ രണ്ടോ ദിവസം കാണാതിരിക്കുമ്പോള്‍ വരുന്ന ഫോണ്‍ കോള്‍ ‘എവിടെയാ’ എന്ന ചോദ്യം, ചെറിയ കാര്യങ്ങളില്‍ പോലും പാര്‍ട്ടിയോടായാലും അതിനു പുറത്തുള്ള അനേകം മനുഷ്യരോടായാലും പുലര്‍ത്തുന്ന വലിയ കരുതലായിരുന്നു സാധാരണ സഖാക്കള്‍ക്ക് കാനം രാജേന്ദ്രന്‍. ഇരുട്ടില്‍, മഴയിലായാലും മഞ്ഞിലായാലും പഥികര്‍ക്ക് പ്രകാശം ചൊരിഞ്ഞ വഴിവിളക്ക്. ആ പ്രകാശം നമ്മുടെ ഹൃദയങ്ങളില്‍ പൊലിയാതെ നില്‍ക്കുന്നു.

Exit mobile version