9 May 2024, Thursday

രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ നേതാവ്

സ്വന്തം ലേഖിക
കോട്ടയം
December 8, 2023 7:09 pm

സമീപകാലത്ത് രാഷ്ട്രീയ കേരളവും മാധ്യമ ലോകവും ഏറെ താല്പര്യത്തോടെ ഉറ്റുനോക്കിയിരുന്ന ഒരു വ്യക്തിത്വമായിരുന്നു കാനം എന്ന കൊച്ചുഗ്രാമത്തിന്റെ പേര് തന്റെ അപരനാമമാക്കിയ കാനം രാജേന്ദ്രന്‍. ഇടത് പക്ഷത്തെ തിരുത്തൽ ശക്തിയെന്ന് അറിയപ്പെടുന്ന സിപിഐയുടെ അമരക്കാരന്റെ വാക്കുകൾക്ക് എന്നും മാധ്യമങ്ങളും പൊതുജനവും ചെവിയോർത്തു. തിരുത്തേണ്ട കാര്യങ്ങളെ തിരുത്താനും മുന്നണിയിലും രാഷ്ട്രീയത്തിലും നിലപാടുകൾ വ്യക്തമാക്കാനും തെല്ലുപോലും മടികാണിച്ചില്ല അദ്ദേഹം. അതുകൊണ്ട് തന്നെ മുന്നണിയെയോ, സർക്കാരിനെയോ ബാധിക്കുന്ന വിഷയങ്ങളിൽ കാനത്തിന്റെ നിലപാടുകൾക്ക് എല്ലാക്കാലവും പ്രാധാന്യമേറി. എത്ര പ്രകോപിപ്പിക്കുന്ന വിഷയമായാലും അളന്നുകുറിച്ച വാക്കുകളിൽ കൃത്യമായ നിലപാടായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര.

വാഴൂർ എസ് വി ആർ എൻ എസ് എസ് സ്കൂളിലും കോട്ടയം ബസേലിയോസ് കോളേജിലുമായി വിദ്യാഭ്യാസം നടത്തവെതന്നെ ഒരു മികച്ച വിദ്യാർത്ഥി നേതാവായി കാനം മാറിയിരുന്നു. അഖിലേന്ത്യാ വിദ്യാർത്ഥി ഫെഡറേഷന്റെ സജീവ പ്രവർത്തനത്തിലൂടെ രാഷ്ട്രീയ രംഗത്ത് പ്രവേശിച്ചു. 23-ാം വയസ്സിൽ യുവജന ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിയായി. 1977വരെ ആ സ്ഥാനത്ത് തുടർന്നു. യുവജന ഫെഡറേഷന്റെ ദേശീയ വൈസ് പ്രസിഡന്റുമായി.

1974 വരെ മുതൽ ദീർഘകാലം പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന എക്സിക്യൂട്ടീവ്, കോട്ടയം ജില്ലാ സെക്രട്ടറി എന്നീ പദവികളിലെത്തി. പിന്നീട് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുമായി. രണ്ട് തവണ കേരള നിയമസഭയിൽ അംഗമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.