പായിപ്ര ഗ്രാമപഞ്ചായത്തിലെ പോയാലിമലയിൽ ഇന്നലെ രാവിലെ 7 മുതൽ 11 വരെ നടന്ന ബയോ സർവേയിലായിരുന്നു കേരളത്തിൽ അപൂർവമായി കണ്ടുവരുന്ന ഇന്ത്യൻ സോഷ്യൽ സ്പൈഡർ എന്ന എട്ടുകാലിവർഗ്ഗത്തെ (സ്റ്റെഗോഡിഫസ് സരസിനോറം) കണ്ടെത്തിയത്. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ മൂവാറ്റുപുഴ ഏരിയയും, തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് ഫോറസ്റ്റ് ക്ലബ്, നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജ്, ഫോറസ്റ്റ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഈ പ്രാഥമിക സർവേ സംഘടിപ്പിച്ചത്. മിക്ക എട്ടുകാലികൾക്കും വിപരീതമായി, സ്റ്റെഗോഡിഫസ് സരസിനോറം എന്ന വർഗ്ഗം ഒറ്റയ്ക്ക് ജീവിക്കുന്ന രീതി വിട്ട് ചെറുസമൂഹങ്ങളായി സഹകരിച്ച് ജീവിക്കുന്നവരാണ്.
8–10 അടി ഉയരമുള്ള കുറ്റിച്ചെടികളിൽ കൂട്ടമായി വല കെട്ടി, വലകൾക്കുള്ളിലെ ചെറിയ കോട്ടകളിൽ പകൽ വിശ്രമിക്കുകയും സൂര്യാസ്തമയത്തോടെ പുറത്തിറങ്ങി ഇരകളെ പിടിക്കുകയും ചെയ്യുന്ന ഇവർ, ഭക്ഷണച്ചങ്ങലയിൽ സുപ്രധാന പങ്ക് വഹിക്കുന്നു. സർവേയുടെ ഭാഗമായി, പായിപ്ര ഗ്രാമപഞ്ചായത്തിലെ 3-ാം വാർഡിൽ ഉൾപ്പെടുന്ന പോയാലിമലയിലെ കുറ്റിച്ചെടികൾ, ചെറുസസ്യങ്ങൾ, വൃക്ഷങ്ങൾ, വള്ളിച്ചെടികൾ, പായലുകൾ എന്നിവ ഉൾപ്പെടെ 40-ലധികം ഇനം ഔഷധസസ്യങ്ങൾ, ചിത്രശലഭങ്ങൾ, മറ്റ് പ്രാണികൾ എന്നിവയെ കുറിച്ച് പട്ടികപ്പെടുത്താൻ കഴിഞ്ഞു. ഇവയുടെ സംരക്ഷണ നടപടികൾ ഉറപ്പാക്കുക എന്നതാണ് ബയോ സർവേയുടെ അടുത്ത പ്രധാന ലക്ഷ്യം.
ജൈവവൈവിധ്യ സംരക്ഷണത്തിന്റെ സംസ്കാരം രൂപപ്പെടുത്തുന്നതിനും യുവഡോക്ടർമാരുടെ സസ്യങ്ങളെ തിരിച്ചറിയാനുള്ള താൽപ്പര്യം വർദ്ധിപ്പിക്കാനുമാണ് ഈ സർവേ ശ്രമിച്ചത്. പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീസ് പി. എം. ബയോ സർവേയുടെ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ റജീന ഷിഹാജ്, പായിപ്ര ഗവ. ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസറും ബയോ സർവേ ലീഡറുമായ ഡോ. ജോസഫ് തോമസ്, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ മൂവാറ്റുപുഴ ഏരിയ പ്രസിഡന്റ് ഡോ. ശ്രീരാജ് കെ. ദാമോദർ, ബയോ ക്യാമ്പ് കോ-ഓർഡിനേറ്റർ ഡോ. രവീന്ദ്രനാഥ കാമത്ത് സി., ബയോ സർവേ റിസോഴ്സ് പേഴ്സൺ ഡോ. നിയ ശിവൻ രൺദീപ്, തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് ഫോറസ്റ്റ് ക്ലബ് ഇൻചാർജ് ഡോ. രേഷ്മ പി ജോൺ, നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ബിനോയ് ഭാസ്കരൻ, പോയാലിമല സംരക്ഷണ സമിതി മെമ്പർ നൗഫൽ പി എം, തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിലെ ദ്രവ്യഗുണവിജ്ഞാന വിഭാഗത്തിലെ രണ്ടാം വർഷ പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർത്ഥികളായ ഡോ. നയന മാത്യു, ഡോ. ശരണ്യ, ഒന്നാം വർഷ പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർത്ഥിയായ ഡോ. ബൃന്ദ, എന്നിവരും, നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജിലെ ബി എ എം എസ് സെക്കൻഡ് പ്രൊഫഷണൽ സീനിയർ വിദ്യാർത്ഥികളായ മേഘ എം, ഡിമ ഡി, അന്റോണീറ്റ ജെയിംസ്, അഭിരാമി ടി എസ്, ആനന്ദ് എസ് തുടങ്ങിയവരും, ഇടുക്കി പാറേമാവ് ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പെരുമ്പാവൂർ ഏരിയ പ്രസിഡന്റുമായ ഡോ. ആനന്ദ് കെ പിയും സർവേയിൽ പങ്കെടുത്തു. പ്രദേശത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്താണ് സർവേ പൂർത്തിയാക്കിയത്.