Site iconSite icon Janayugom Online

മലയോരത്ത് ആവേശമുയര്‍ത്തി ചെങ്കൊടി ഉയർന്നു

സിപിഐ കാസർകോട് ജില്ലാ സമ്മേളനത്തിന് ചെങ്കൊടി ഉയർന്നു. പൊതുസമ്മേളന നഗരിയായ കാനം രാജേന്ദ്രൻ നഗറിൽ സംഘാടക സമിതി ചെയർമാൻ കെ എസ് കുര്യാക്കോസ് പതാക ഉയർത്തിയതോടെയാണ് സമ്മേളനം ആരംഭിച്ചത്. ആവേശകരമായിരുന്നു പതാക, കൊടിമര ജാഥകളും റെഡ് വോളണ്ടിയർ മാർച്ചും. ബാന്റ് വാദ്യസംഘത്തിന്റെ അകമ്പടിയോടെ നടന്ന വോളണ്ടിയർ മാർച്ച് ക്യാപ്റ്റൻ ജില്ലാ കൗൺസിലംഗം കരുണാകരൻ കുന്നത്ത് നയിച്ചു. തുടർന്ന് പൊതുസമ്മേളനം സിപിഐ ദേശീയ എക്സിക്യൂട്ടീവംഗം പി സന്തോഷ് കുമാർ എംപി ഉദ്ഘാടനംചെയ്തു.
പൊതുസമ്മേളന നഗരിയിലേക്കുള്ള പതാക കയ്യൂരിൽ മുതിർന്ന പാർട്ടി നേതാവ് പി എ നായരിൽനിന്നും ഏറ്റുവാങ്ങി എഐവൈഎഫ് ജില്ലാ സെക്രട്ടറി എം ശ്രീജിത്ത് ക്യാപ്റ്റനും, എഐഎസ്എഫ് ജില്ലാ സെക്രട്ടറി പ്രഭിജിത്ത് വൈസ് ക്യാപ്റ്റനുമായി അത്‌ലറ്റുകളുടെയും പ്രതിനിധി സമ്മേളന നഗരിയിലേക്കുള്ള പതാക മടിക്കൈ കുഞ്ഞിക്കണ്ണന്റെ സ്മൃതി മണ്ഡപത്തിൽ അദ്ദേഹത്തിന്റെ മകൻ കിഷോറിൽ നിന്നും മഹിളാസംഘം ജില്ലാ സെക്രട്ടറി പി ഭാർഗവിയുടെയും നേതൃത്വത്തില്‍ കൊണ്ടുവന്നു. കൊടിമരം ഏളേരിത്തട്ട് പൊടോര കുഞ്ഞിരാമൻ നായരുടെ സ്മൃതി മണ്ഡപത്തിൽ അദ്ദേഹത്തിന്റെ മകൻ കെ പി കുഞ്ഞമ്പു മാസ്റ്ററിൽ നിന്നും കിസാൻസഭ ജില്ലാ സെക്രട്ടറി കെ കുഞ്ഞിരാമന്‍ ഏറ്റുവാങ്ങി.

മൂന്ന് ജാഥകളും വൈകിട്ട് വെള്ളരിക്കുണ്ടിൽ സംഗമിച്ച് ചുവപ്പ് വോളണ്ടിയർ മാർച്ചോടെ പൊതുസമ്മേളന നഗരയിലെത്തി. പതാകകള്‍ എഐടിയുസി ജില്ലാ ജനറൽസെക്രട്ടറി ടി കൃഷ്ണനും സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബുവും, കൊടിമരം സംഘാടക സമിതികൺവീനർ എം കുമാരനും ഏറ്റുവാങ്ങി.
പൊതുസമ്മേളനത്തിൽ സി പി ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരൻ എംഎൽഎ, മന്ത്രിമാരായ ജി ആർ അനിൽ, പി പ്രസാദ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സി പി മുരളി, കെ കെ അഷറഫ്, സംസ്ഥാന കൗൺസിലംഗങ്ങളായ ഗോവിന്ദൻ പള്ളിക്കാപ്പിൽ, ടി കൃഷ്ണൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ വി രാജൻ, എം അസിനാർ, കെ എസ് കുര്യാക്കോസ്, ബങ്കളം കുഞ്ഞികൃഷ്ണൻ, കെ വി കൃഷ്ണൻ, പി ഭാർഗവി, വി സുരേഷ് ബാബു, മുതിർന്ന പാർട്ടി നേതാവ് പി എ നായർ തുടങ്ങിയവർ സംബന്ധിച്ചു. എം കുമാരൻ സ്വാഗതം പറഞ്ഞു. 

Exit mobile version