Site iconSite icon Janayugom Online

പശ്ചിമഘട്ടത്തിലൂടെ കേരളം ഓര്‍ക്കുന്ന ശാസ്ത്രജ്ഞന്‍

ശാസ്ത്രത്തെക്കുറിച്ച് പറയുമ്പോള്‍ വാചാലനാകുന്ന ശാസ്ത്രജ്ഞനായിരുന്നു പൊതുവെ മൃദുഭാഷിയായിരുന്ന കസ്തുരിരംഗന്‍. ഐഎസ്ആര്‍ഒയുടെ മറ്റ് പല മേധാവികളെയുംപോലെ എന്‍ജിനീയറായിരുന്നില്ല അദ്ദേഹം. എന്നിട്ടും ആര്യഭട്ട, ഭാസ്കര പരീക്ഷണ ഉപഗ്രഹ ഡയറക്ടര്‍ മുതല്‍ ചെയര്‍മാന്‍ പദവിയിലെത്തി ഒമ്പത് വര്‍ഷം അദ്ദേഹം രാജ്യത്തെ ബഹിരാകാശ ദൗത്യത്തിന് ചുക്കാന്‍ പിടിച്ചു. ഇന്ത്യന്‍ ബഹിരാകാശ രംഗത്തെ വിപ്ലവാത്മക പദ്ധതികളായ പിഎസ്എല്‍വി, ജിഎസ്എല്‍വി, ഐആര്‍എസ്, ഇന്‍സാറ്റ് എന്നിവയുടെ മേല്‍നോട്ടം വഹിച്ചു. ചന്ദ്രയാന്‍ പദ്ധതിക്ക് തുടക്കം കുറിച്ചതും അദ്ദേഹമായിരുന്നു. 

വെല്ലുവിളിയേറിയ ഒരു കാലഘട്ടത്തിലാണ് കസ്തൂരിരംഗന്‍ ഐഎസ്ആര്‍ഒയെ നയിച്ചത്. രാജ്യാന്തര തലത്തില്‍ പലതരത്തിലുള്ള നിയന്ത്രണങ്ങള്‍ക്കും രാജ്യം വിധേയമായ കാലഘട്ടം. അതിശീത എന്‍ജിന്‍ വികസിപ്പിക്കുന്നതിന് അമേരിക്ക വിലങ്ങിട്ട കാലം. ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തിലെ കറുത്ത ഏടായി മാറിയ ചാരക്കേസ് പുകതുപ്പാന്‍ തുടങ്ങിയ കാലം. രാജ്യമാകെ വിഷയം കാട്ടുതീ പോലെ ആളിപ്പടര്‍ന്നു. അന്ന് ചെയര്‍മാനായിരുന്ന കസ്തുരിരംഗന്‍, നമ്പി നാരായണനെ സഹായിച്ചില്ല എന്ന ആരോപണം ഉയര്‍ന്നു. എ­ന്നാല്‍ അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെ എന്നായി ചെയര്‍മാന്‍. ചാരക്കേസ് പുകച്ചുരുളുകള്‍ മൂടി നില്‍ക്കുമ്പോഴും ഗാമ — കോസ്മിക് രശ്മികളുടെ പരീക്ഷണവുമായി കസ്തൂരിരംഗന്‍ അനുസ്യൂതം മുന്നേറി.

ഐഎസ്ആര്‍ഒയില്‍ നിന്ന് വിരമിച്ച അദ്ദേഹം നിരവധി അക്കാദമിക് സ്ഥാപനങ്ങളിലും കഴിവ് തെളിയിച്ചു. ദേശീയ വിദ്യാഭ്യാസ പദ്ധതി ചട്ടക്കൂട് രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. രാജ്യസഭാ അംഗമായി. പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചു. ആസൂത്രണ കമ്മിഷന്‍ അംഗം, ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല വിസി, രാജസ്ഥാന്‍ സെന്‍ട്രല്‍ യുണിവേഴ്സിറ്റി വിസി തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിരുന്നു. 

കേരളം കസ്തൂരിരംഗനെ സ്മരിക്കുന്നത് പശ്ചിമഘട്ട സംരക്ഷണ പദ്ധതിയിലൂടെയാണ്. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പുനഃപരിശോധിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. അതുകൊണ്ടുതന്നെ റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ത്തുവെന്ന് ആക്ഷേപമുയര്‍ന്നു. എന്നാല്‍ വികസനത്തിന് തുരങ്കം വയ്ക്കുന്ന റിപ്പോര്‍ട്ടില്‍ അദ്ദേഹം ഒന്നും ചെയ്തില്ലെന്ന് മറുപക്ഷം വാദിച്ചു. കേരളത്തിലെ 124 വില്ലേജുകളെ പരിസ്ഥിതി ലോല പട്ടികയില്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടിന്റെ പേരില്‍ സംസ്ഥാനത്ത് ബന്ദും ഹര്‍ത്താലും നടന്നു. 

ഏല്പിച്ച ജോലി കൃത്യമായി പൂര്‍ത്തിയാക്കുക അതു മാത്രമായിരുന്നു കസ്തൂരിരംഗന്‍ എപ്പോഴും ചെയ്തത്. വാക്കിലും പ്രവൃത്തിയിലും താന്‍ നിശ്ചയിച്ച ലക്ഷ്മണരേഖ മറികടക്കാന്‍ അദ്ദേഹം ജീവിതത്തില്‍ ഒരിക്കലും തയ്യാറായിരുന്നില്ല. 

Exit mobile version