Site iconSite icon Janayugom Online

ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തു; പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി

ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് വധശിക്ഷ. കൊല്‍ക്കത്തയിലെ പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 34 കാരനായ രാജീബ് ഘോഷിനാണ് കോടതി പരമാവധി ശിക്ഷ വിധിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് കുഞ്ഞ് പീഡനത്തിന് ഇരയായത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് പൊലീസില്‍ ബന്ധപ്പെടുകയായിരുന്നു. വീട്ടിൽ നിന്ന് പ്രതി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും പിന്നീട് ഫൂട്ട് പാത്തില്‍ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട പ്രദേശവാസികള്‍ പൊലീസില്‍ വിവരം അറിയിച്ചു. കുട്ടിയെ ആശുപത്രിയിലെത്തിച്ച് നടത്തിയ പ്രാഥമിക പരിശോധനയിലാണ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് മനസിലായത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ദൃശ്യങ്ങളില്‍ പ്രതിയുടെ മുഖം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. എന്നാൽ ദൃശ്യങ്ങളിൽ നിന്ന് പ്രതിക്ക് മുടന്തുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇതാണ് കേസിൽ പ്രതിയെ തിരിച്ചറിയാൻ പൊലീസിന് ഏറെ സഹായകരമായത്. 

Exit mobile version