Site iconSite icon Janayugom Online

നവജാത ശിശുക്കളുടെ അനാരോഗ്യത്തില്‍ ഗുരുതര വര്‍ധന

2019–21 ലെ രാജ്യത്തെ ജനസംഖ്യ ആരോഗ്യ സര്‍വേ വെളിപ്പെടുത്തുന്നത് നവജാതശിശുക്കളുടെ ആരോഗ്യത്തിലെ ഗുരുതരമായ സ്ഥിതിവിശേഷം. രാജ്യത്തെ പ്രസവങ്ങളില്‍ 13 ശതമാനം മാസം തികയാതെയുള്ളതെന്നും ശരീരഭാരം കുറഞ്ഞ നവജാത ശിശുകളുടെ നിരക്ക് 17 ശതമാനമായി വര്‍ധിച്ചുവെന്നും സര്‍വേ പറയുന്നു. ഗുരുതരമായ വായുമലിനീകരണം ജനന പ്രക്രിയയെ ദോഷകരമായി ബാധിക്കുന്നതയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മുംബൈയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസ്, യുകെയിലെയും അയർലൻഡിലെയും ഗവേഷകർ, നാഷണൽ ഫാമിലി ഹെൽത്ത് സർവേ ‑5, റിമോട്ട് സെൻസിങ് ഡാറ്റ എന്നിവ അടിസ്ഥാനമാക്കി നടത്തിയ സര്‍വേയിലാണ് രാജ്യത്തെ അനാരോഗ്യകരമായ അവസ്ഥ തുറന്നു കാട്ടുന്നത്. ഗര്‍ഭകാലത്ത് വായു ഗുണനിലവാരത്തിന്റെ തോതായ പിഎം 2.5ന്റെ വര്‍ധിച്ച സാന്നിധ്യം 40 ശതമാനം ഭാരക്കുറവിനും 70 ശതമാനം അകാല പ്രസവത്തിനും ഇടവരുത്തുന്നു. മഴ‑താപനില തുടങ്ങിയ കാലാവസ്ഥാ സാഹചര്യങ്ങള്‍ മാറുന്നത് ജനന നിരക്കിലെ അപാകങ്ങള്‍ക്ക് കാരണമായി മാറുന്നു. വടക്കന്‍ സംസ്ഥാനങ്ങളിലെ കുട്ടികള്‍ അന്തരീക്ഷ വായു മലിനീകരണത്തിന്റെ ഇരകളായി മാറുന്നതായി പിഎല്‍ഒഎസ് ഗ്ലോബല്‍ പബ്ലിക് ഹെല്‍ത്ത് ജേണലില്‍ ചൂണ്ടിക്കാട്ടുന്നു.

ഉത്തര്‍പ്രദേശ്, ബിഹാര്‍, ഡല്‍ഹി , പഞ്ചാബ്, ഹരിയാന, തുടങ്ങിയ പിഎം 2.5 അളവ് മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. ദക്ഷിണേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇതിന്റെ നിരക്ക് കുറവാണെന്നും ഗവേഷകര്‍ പറയുന്നു. ഹിമാചല്‍ പ്രദേശ് 39, ഉത്തരാഖണ്ഡ് 27, രാജസ്ഥാന്‍ 18, ഡല്‍ഹി 17 ശതമാനം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അകാല പ്രസവം ഏറ്റവും കുടുതല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മിസോറാം, മണിപ്പൂര്‍, ത്രിപുര എന്നിവയാണ് നിരക്ക് കുറഞ്ഞ സംസ്ഥാനങ്ങള്‍. ഫോസിലുകളും ബയോമാസും കത്തിക്കുന്നതിന്റെ ഫലമായി രൂപം കൊള്ളുന്ന പിഎം2.5 ഗര്‍ണികള്‍ക്ക് ഏറെ ദോഷകരമാണ്. ഇതിന്റെ ഫലമായാണ് അകാല പ്രസവവും കുട്ടികള്‍ക്ക് ഭാരക്കുറവും സംഭവിക്കുന്നത്. 2.5 മൈക്രോണില്‍ താഴെയുള്ള സുക്ഷ്മ കണിക പദാര്‍ത്ഥം ഇന്ധനങ്ങള്‍ കത്തിക്കുന്നതിലൂടെ പുറത്ത് വരുന്നത് പിഎം2.5 പരിധി ഉയരുന്നതിന് ഇടയാക്കും. ഗംഗാ സമതല പ്രദേശത്തിന്റെ മുകള്‍ ഭാഗത്ത് പിഎം2.5 മലിനീകരണം കൂടുതലാണ്. വായു മലിനീകരണം മൂലം ഗര്‍ഭാശയത്തില്‍ മാറ്റം വരികയും ജനന ഫലങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നതായി പഠനം വ്യക്തമാക്കുന്നു. 

ദേശീയ കുടുംബാരോഗ്യ സര്‍വേ 5 ഘട്ടത്തിന് മുമ്പുള്ള അഞ്ച് വര്‍ഷങ്ങളില്‍ ജനിച്ച കുട്ടികളില്‍ 18 ശതമാനം പേര്‍ക്ക് ജനനസമയത്ത് ഭാരം കുറവായിരുന്നു. വായു മലിനീകരണം, കാലാവസ്ഥാ വ്യതിയാനം എന്നീവ മൂലമുള്ള അപകട സാധ്യത സംബന്ധിച്ച് അവബോധം വളര്‍ത്തണമെന്നും സര്‍വേയില്‍ പറയുന്നു. ഐസിഡിഎസ്, പോഷണ്‍ അഭിയാന്‍, പിഎം കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍, പ്രധാന മന്ത്രി മാതൃവന്ദന യോജന തുടങ്ങിയ പദ്ധതികള്‍ വഴി ഗര്‍ഭിണികളുടെയും നാവജാത ശിശുക്കളുടെയും ആരോഗ്യം ഉറപ്പ് വരുത്തുന്നുവെന്ന മോഡി സര്‍ക്കാരിന്റെ വാഗ്ദാനമാണ് സര്‍വേ റിപ്പോര്‍ട്ടിലൂടെ പൊളിഞ്ഞു വീഴുന്നത്. 

Exit mobile version