ജാമ്യം എന്നത് ഒരു മാനദണ്ഡമാണെന്നും ജയിലില്‍ പോകാതിരിക്കാനുള്ള ഒരു മാര്‍ഗമാണെന്നും കര്‍ക്കശമായ നിയമങ്ങള്‍ക്ക് പോലും ഒരു മാനുഷിക മുഖമുണ്ടെന്നും വീണ്ടും ഓര്‍മപ്പെടുത്തി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ഒരു രോഗിക്ക് ജാമ്യം അനുവദിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം എത്ര കര്‍ക്കശമാണെങ്കിലും മനുഷ്യര്‍ എന്ന നിലയില്‍ നാം നാലു കോണില്‍ നിന്നും പ്രവര്‍ത്തിക്കേണ്ടതുണ്ട്. രോഗിയും അവശനുമായ ഒരാള്‍ക്ക് ജാമ്യം നല്‍കണമെന്നാണ് നിയമം നിഷ്‌കര്‍ഷിക്കുന്നതെന്നും” ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. കഴിഞ്ഞ വർഷം ജൂലൈയിൽ അറസ്റ്റിലായ 67 കാരനായ സേവാ വികാസ് സഹകരണ സംഘം മുൻ ചെയർമാൻ,അമർ സാധുറാം മുൽചന്ദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു മൂന്നംഗ ബഞ്ച്.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം പ്രതി കുറ്റക്കാരനല്ലെന്ന് തെളിയിക്കുന്നത് വരെ ജാമ്യം ലഭിക്കില്ല. പ്രതി കുറ്റക്കാരനല്ലെന്ന് തെളിയിക്കാന്‍ തക്ക വിവരങ്ങള്‍ ലഭിക്കുകയും ജാമ്യം ലഭിച്ചാലും മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടില്ലെന്ന് കോടതിക്ക് ബോധ്യപ്പെടുകയും ചെയ്താല്‍ മാത്രമേ ജാമ്യം നല്‍കാറുള്ളൂ. എങ്കില്‍പ്പോലും ജാമ്യം എതിര്‍ക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് ഒരു അവസരം നല്‍കുകയും ചെയ്യും. സെഷന്‍ 45 ന് കീഴില്‍ വരുന്ന ഈ നിയമം സുപ്രീം കോടതി ശരി വച്ചിട്ടുള്ളതാണ്.
അതേസമയം ഒരു വ്യക്തി അസുഖ ബാധിതനോ അശക്തനോ ആണെങ്കില്‍ പ്രത്യേക കോടതിയുടെ നിര്‍ദ്ദേശപ്രകാരം അയാളെ ജാമ്യത്തില്‍ വിട്ടയക്കാം എന്ന കള്ളപ്പണ നിരോധന നിയമം സെഷന്‍ 45(1) പ്രൊവിസോ പ്രകാരമാണ് ബഞ്ച് ഇന്ന് പരാമര്‍ശം നടത്തിയത്.
നേരത്തെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആംആദ്മി പാര്‍ട്ടിയിലെ അരവിന്ദ് കെജ്രിവാള്‍, മനീഷ് സിസോദിയ, ഭാരത് രാഷ്ട്ര സമിതിയിലെ കവിത എന്നിവരുള്‍പ്പെടെ നിരവധി പേര്‍ക്ക് ജാമ്യം ലഭിച്ചിരുന്നെങ്കിലും അവര്‍ മാസങ്ങളോളം ജയില്‍ വാസം അനുഭവിച്ചിരുന്നു. എഎപിയുടെ സത്യേന്ദര്‍ ജയിനും ആരോഗ്യ കാരണങ്ങളാല്‍ കഴിഞ്ഞ വര്‍ഷം ഇടക്കാല ജാമ്യം നേടിയിരുന്നു.