Site iconSite icon Janayugom Online

കാമ്പസ് റിക്രൂട്ട്മെന്റില്‍ തളര്‍ച്ച; ഐഐടി വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍

രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ടെക്നോളജികളി(ഐഐടി)ലെ കാമ്പസ് റിക്രൂട്ട്മെന്റ് ഇടിയുന്നു. ആദ്യഘട്ടത്തില്‍ ആരംഭിച്ച പ്രമുഖ സ്ഥാപനങ്ങളാണ് വിദ്യാര്‍ത്ഥികളുടെ ഭാവിയില്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നത്. കാണ്‍പൂര്‍, ഖരഗ്പൂര്‍, റൂര്‍ക്കി, ഗുവാഹട്ടി, മുംബൈ, മദ്രാസ് ഐഐടികളിലാണ് കാമ്പസ് റിക്രൂട്ട്മെന്റ് ഗണ്യമായി ഇടിഞ്ഞത്. എന്നാല്‍ ഡല്‍ഹി ഐഐടി മികച്ച പ്രവര്‍ത്തനം നടത്തിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

സ്വാതന്ത്ര്യലബ്ധിക്ക് പിന്നാലെ ആരംഭിച്ച ഏഴ് ഐഐടികളില്‍ ആറിലും സമീപ വര്‍ഷങ്ങളില്‍ പ്ലേസ്‌മെന്റ് തോത് വര്‍ധിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2018–19, 2023–24 വര്‍ഷത്തെ കാമ്പസ് റിക്രൂട്ട്മെന്റ് സംബന്ധിച്ച വിവരാവകാശ അപേക്ഷയില്‍ ഗുവാഹട്ടി-മദ്രാസ് ഐഐടികളാണ് വാര്‍ഷിക കണക്ക് സമര്‍പ്പിച്ചത്.

കാണ്‍പൂര്‍, ഖരഗ്പൂര്‍, റൂര്‍ക്കി ഐഐടികളില്‍ നിന്നുള്ള കാമ്പസ് നിയമനങ്ങളില്‍ അഞ്ച് മുതല്‍ 16 ശതമാനം വരെ ഇടിവാണ് രേഖപ്പെടുത്തിയത്. മുംബൈ ഐഐടി 2022–23 വര്‍ഷത്തെ കണക്ക് മാത്രമാണ് സമര്‍പ്പിച്ചത്. 82 ശതമാനമാണ് ഇവിടുത്തെ കാമ്പസ് റിക്രൂട്ട്മെന്റ് ഇടിവ്. ഗുവാഹട്ടിയില്‍ 2018–19 ല്‍ 67 ശതമാനം വിദ്യാര്‍ത്ഥികളാണ് വിവിധ സ്ഥാപനങ്ങളില്‍ ജോലിയില്‍ പ്രവേശിച്ചത്. 2022–23 ല്‍ 78 ശതമാനമായി ഉയര്‍ന്നെങ്കിലും 2023–24 ല്‍ 71 ആയി താഴ്ന്നു. ഡല്‍ഹി ഐഐടി മാത്രമാണ് ഇക്കാര്യത്തില്‍ സ്ഥിരത നിലനിര്‍ത്തിയത്. 2018 മുതല്‍ 85 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ ഇവിടെ നിന്ന് വിവിധ സ്ഥാപനങ്ങളിലേക്ക് ജോലിയില്‍ പ്രവേശിക്കുന്നുണ്ട്.

കോവിഡിനുശേഷം ഐടി കമ്പനികളില്‍ സംഭവിച്ച മാന്ദ്യമാണ് കാമ്പസ് റിക്രൂട്ട്മെന്റ് ഇടിയാന്‍ പ്രധാന കാരണം. 2022ല്‍ വ്യാപകമായ തോതില്‍ കമ്പനികള്‍ കാമ്പസ് റിക്രൂട്ട്മെന്റ് വഴി നിയമനം നടത്തിയത് തുടര്‍വര്‍ഷങ്ങളില്‍ നിയമന നിരോധനത്തിലേക്ക് നയിക്കാന്‍ ഇടയാക്കി. ബഹുരാഷ്ട്ര കമ്പനികള്‍ സോഫ്റ്റ്‌വേര്‍ സാങ്കേതിക വിദഗ്ധരെ നിയമിക്കുന്നതില്‍ വരുത്തിയ വെട്ടിക്കുറവും വിഷയം സങ്കീര്‍ണമാക്കി. ബിരുദാനന്തര ബിരുദധാരികളെ അപേക്ഷിച്ച് ബിടെക് മാത്രമുള്ളവരെയാണ് ബഹുരാഷ്ട്ര കമ്പനികള്‍ ആശ്രയിക്കുന്നതെന്ന് കാണ്‍പൂര്‍, ഗുവാഹട്ടി ഐഐടി അധികൃതര്‍ പ്രതികരിച്ചു. ബിരുദാനന്തര ബിരുദമുള്ളവര്‍ ഗവേഷണത്തിനും ഉന്നത പഠനത്തിനും വഴിമാറുന്നതും നിയമനത്തെ പ്രതികൂലമായി ബാധിച്ചു. 80 ശതമാനം വിദ്യാര്‍ത്ഥികളും സുരക്ഷിത തൊഴില്‍ സ്വീകരിക്കുന്നതും നിയമനം കുറയുന്നത് കാരണമായി തീരാറുണ്ട്.

പത്ത് ശതമാനം പേര്‍ തുടര്‍ പഠനം തെരഞ്ഞെടുക്കുന്നു. അഞ്ച് ശതമാനം പേര്‍ സിവില്‍ സര്‍വീസ് ലക്ഷ്യമിട്ടാണ് നീങ്ങുന്നത്. മറ്റുള്ളവര്‍ എംബിഎ അടക്കമുള്ള മറ്റ് പഠനത്തിലേക്ക് വഴിമാറുന്നതും കാമ്പസ് റിക്രൂട്ട്മെന്റിനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ നിലവാരം ക്രമേണ ഇടിയുന്നതായി നേരത്തെ പഠനങ്ങള്‍ പുറത്തുവന്നിരുന്നു. കാവിവല്‍ക്കരണം, പ്രതിഷേധ വിലക്ക്, ജാതി വിവേചനം തുടങ്ങിയ വിഷയങ്ങളും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഇതോടൊപ്പമാണ് ഐഐടികളിലെ കാമ്പസ് റിക്രൂട്ട്മെന്റും തകര്‍ച്ചയിലേക്ക് നീങ്ങുന്നത്.

Exit mobile version