Site icon Janayugom Online

പരിമിതികളുടെ പടികടന്ന് പ്രണയം; മഹിമയും സായൂജും ഒന്നായി

കണ്ണുകളില്‍ പ്രണയം കവിത രചിച്ചപ്പോള്‍ പരിമിതികള്‍ അവര്‍ക്ക് മുമ്പില്‍ വഴിമാറി. സംസാരശേഷിയുടെയും കേള്‍വിയുടെയും പരിമിതികള്‍ അവരുടെ പ്രണയത്തിന് തടസമായില്ല. വൈക്കം സ്വദേശി മഹിമയും തൃശൂര്‍ ഒല്ലൂര്‍ സ്വദേശി സായൂജുമാണ് വൈകല്യങ്ങളെ മറികടന്ന് ഒന്നായത്. 

അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെന്നൈയില്‍ നടന്ന ദേശീയ ബധിര കായികമേളയില്‍ പങ്കെടുക്കാന്‍ മഹിമ എത്തിയപ്പോഴാണ് സായൂജുമായി കണ്ടുമുട്ടിയത്. ഇരുവീട്ടുകാരും ആദ്യം എതിര്‍ത്തെങ്കിലും പിരിയാനാവാത്ത അവരുടെ ഹൃദയബന്ധത്തിനുമുന്നില്‍ എതിര്‍പ്പുകള്‍ അനുഗ്രഹങ്ങളായി മാറി. പരസ്പരം എന്നും തുണയായിരിക്കാന്‍ ഇരുവര്‍ക്കും കഴിയുമെന്ന് മനസ്സിലായതോടെ കഴിഞ്ഞ ഒക്‌ടോബര്‍ 23ന് വിവാഹനിശ്ചയം നടത്തി. ഇതിനിടെ പരസ്പരം കണ്ടത് മൂന്നുതവണ. ജൂണ്‍ 25ന് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹവും ഇന്നലെ വൈക്കത്ത് വച്ച് വിവാഹസല്‍കാരവും നടത്തി. 

നീര്‍പ്പാറ അസീസി ബധിര വിദ്യാലയത്തിലാണ് മഹിമ പ്ലസ്ടു വരെ പഠിച്ചത്. പിന്നീട് തിരുവനന്തപുരം പോളി ടെക്‌നിക് കോളേജില്‍ നിന്നും ഡിപ്ലോമയും കോട്ടയത്ത് കമ്പ്യൂട്ടര്‍ കോഴ്‌സും പൂര്‍ത്തിയാക്കി. അഞ്ചാം ക്ലാസ് മുതല്‍ മഹിമ ടേബിള്‍ ടെന്നീസില്‍ ജില്ലാ-സംസ്ഥാനതല മത്സരങ്ങളില്‍ പങ്കാളിയായിരുന്നു.
സ്‌പെഷ്യല്‍ സ്‌കൂളിലെ പഠനശേഷം ബികോം പാസായ സായൂജ് തൃശൂരിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. തൃശൂര്‍ മേലേ മുല്ലനേഴി മനയില്‍ എം എ രാധാകൃഷ്ണന്റെ മകനും പ്രശസ്ത കവി മുല്ലനേഴിയുടെ ചെറുമകനുമാണ് സായൂജ്. സിപിഐ ടിവി പുരം നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗവും ജനയുഗം ഏജന്റുമായ ടി കെ മധുവിന്റെ മകളാണ് മഹിമ.

You may also like this video

Exit mobile version