Site icon Janayugom Online

ആരെയും തോല്പിക്കാനല്ല; അതിജീവന സമരം

pinarayi vijayan

ധനകാര്യ കമ്മിഷന്‍ ശുപാര്‍ശകള്‍ അട്ടിമറിച്ചും സഹകരണ ഫെഡറലിസത്തെ വെല്ലുവിളിച്ചും സംസ്ഥാന സമ്പദ്ഘടനയ്ക്ക് വിലങ്ങുതടി സൃഷ്ടിക്കുന്ന കേന്ദ്ര നടപടികള്‍ക്കെതിരെ കേരളം ഇന്ന് ജന്തര്‍ മന്ദറില്‍ പ്രതിഷേധിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിമാരും ജനപ്രതിനിധികളും പൊതുജനങ്ങള്‍ക്കൊപ്പം അണിചേരും.
ആരെയും തോല്പിക്കാനല്ല, അര്‍ഹതപ്പെട്ടത് നേടിയെടുക്കാനാണ് സമരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ഹൗസില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനങ്ങളുടെ ഭരണഘടനാ പ്രകാരമുള്ള അവകാശങ്ങള്‍ സംരക്ഷിക്കുകയാണ് പ്രക്ഷോഭത്തിന്റെ ലക്ഷ്യം. ഇതിന് രാഷ്ട്രീയനിറം നല്‍കേണ്ടതില്ല. ചരിത്രത്തില്‍ ഇതുവരെ കീഴ്‌വഴക്കം ഇല്ലാത്ത ഇത്തരമൊരു പ്രതിഷേധം എന്‍ഡിഎ ഇതര സംസ്ഥാനങ്ങളോട് മോഡി സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകളുടെയും നയങ്ങളുടെയും പശ്ചാത്തലത്തിലാണ്. ഇതിനെല്ലാം പുറമെ കേരളത്തിന്റെ അതിജീവനത്തിന് അനിവാര്യമായതിനാലാണ് ഡല്‍ഹിയില്‍ സവിശേഷ സമരം സംഘടിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബിജെപിക്ക് നേരിട്ടോ കൂട്ടുപങ്കാളിത്തമോ ഉള്ള സര്‍ക്കാരുകള്‍ക്ക് ലാളനയും അല്ലാത്ത സംസ്ഥാനങ്ങളില്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് തടസം നില്‍ക്കുന്ന നടപടികളും കടുത്ത അവഗണനയുമാണ് കേന്ദ്രം തുടരുന്നത്. ധന ഉത്തരവാദിത്തനിയമം പാസാക്കിയ കേരളത്തിന്റെ ധനക്കമ്മി മൂന്ന് ശതമാനമായാണ് കേന്ദ്രം നിലനിര്‍ത്തിയിരുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ഇത് അഞ്ച് ശതമാനമായി ഉയര്‍ത്തി. സ്വന്തം നിലയില്‍ കേരളം സാമ്പത്തിക അച്ചടക്കം പുലര്‍ത്തുമ്പോഴും സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയില്‍ 15-ാം ധനകാര്യ കമ്മിഷന്‍ ശുപാര്‍ശകള്‍ ലംഘിച്ച് ഇടപെടല്‍ നടത്തുകയാണ്.

കേന്ദ്ര അവഗണനയുടെ കണക്കുകള്‍ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി അക്കമിട്ട് നിരത്തി. ധനമന്ത്രി കെ എന്‍ ബാലഗോപാലും ഒപ്പമുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരുകളുടെ നികുതി വിഹിതം ലഭിക്കുന്ന സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പകളും സംസ്ഥാന വായ്പകളായി പരിഗണിക്കുന്ന കേന്ദ്ര നിലപാടാണ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. ഈ തുക കുറച്ചാണ് സംസ്ഥാനത്തിന്റെ വായ്പാപരിധി നിശ്ചയിച്ചത്. പാര്‍ലമെന്റ് പാസാക്കി രാഷ്ട്രപതിയുടെ അനുമതി ലഭിച്ച ധനകാര്യ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഭരണപരമായ തീരുമാനമെടുത്ത് കേന്ദ്രം നടത്തുന്ന ഇടപെടല്‍ ഭരണഘടനാ ലംഘനമാണ്. കിഫ്ബി ഉള്‍പ്പെടെ സ്ഥാപനങ്ങളുടെ ബാധ്യതകള്‍ സംസ്ഥാന ബാധ്യതയാക്കി കടമെടുപ്പിനെ എതിര്‍ക്കുന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരമൊരു തീരുമാനത്തിലൂടെ 12,000 കോടിയുടെ കുറവാണ് സംസ്ഥാനത്തിന് ഉണ്ടായത്. ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് കേന്ദ്രത്തിന്റെ ഇടപെടല്‍.
കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ ഗ്രാന്റുകളുടെ അപ്രായോഗികമായ നിബന്ധനകള്‍, ജനസംഖ്യാനുപാതികമായ പരിഗണന നല്‍കാത്തത്, ജിഎസ‌്ടി വിഹിതത്തിലെ കുറവ്, സംസ്ഥാന സര്‍ക്കാരുകളുടെ ചെലവില്‍ കേന്ദ്രത്തിന്റെ പദ്ധതി ബ്രാന്‍ഡിങ്, സംസ്ഥാനങ്ങളുടെ നികുതി പണത്തിന്റെ ചെലവില്‍ കേന്ദ്രം നടത്തുന്ന പൊള്ളയായ അവകാശവാദങ്ങള്‍, നികുതി വിഹിതത്തില്‍ സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട തുകയിലെ കുറവ് ഉള്‍പ്പെടെ മോഡി സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനകളുടെ നീണ്ട പട്ടികയാണ് മുഖ്യമന്ത്രി അക്കമിട്ടു നിരത്തിയത്. 

സംസ്ഥാനത്ത് തദ്ദേശസ്ഥാപന കേന്ദ്രങ്ങളില്‍ ജനകീയ സദസുകള്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ഡൽഹിയില്‍ നടത്തുന്ന സമരത്തിന് പിന്തുണ അറിയിച്ച് സംസ്ഥാനവ്യാപകമായി ഇന്ന് ജനകീയ സദസുകള്‍ സംഘടിപ്പിക്കും. വൈകിട്ട് നാല് മുതൽ ആറ് വരെയാണ് സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപന കേന്ദ്രങ്ങളിലും എൽഡിഎഫ് നേതൃത്വത്തിൽ ജനകീയ സദസുകള്‍ നടത്തുന്നത്.
എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ച് കേരള ജനതയുടെ വികാരം പ്രകടിപ്പിക്കുന്ന നിലയിലാകും സദസുകൾ. ഇതിനായി ബൂത്ത് തലങ്ങളിൽ ഗൃഹസന്ദർശനം അടക്കമുള്ള പ്രചാരണപ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. 

ഗവര്‍ണര്‍ സാമ്രാജ്യത്വകാല റസിഡന്റുമാരെ പോലെ

സാമ്രാജ്യത്വ കാലത്തെ റസിഡന്റുമാരെ പോലെ പ്രവര്‍ത്തിക്കുന്ന ഗവര്‍ണറുടെ നിലപാടുകള്‍ മുഖ്യമന്ത്രി ഉയര്‍ത്തിക്കാട്ടി. നിയമസഭകളെ നോക്കുകുത്തികളാക്കുന്ന, ബിജെപി അനുഭാവ ഗവര്‍ണര്‍മാരുടെ പ്രവര്‍ത്തനം ഫെഡറലിസത്തിനും ജനാധിപത്യത്തിനും വിരുദ്ധമാണ്. ഒരു ഗവര്‍ണര്‍ എങ്ങനെ പ്രവര്‍ത്തിക്കരുതെന്നാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: A strug­gle for survival

You may also like this video

Exit mobile version