മാല കോർക്കാൻ പെൺകുട്ടികൾക്കിടയിൽ ഒരു കൗമാരക്കാരൻ. ചേച്ചി കൊരുക്കുന്ന മാല കണ്ട് കൂടെക്കൂടിയതാണ് കെ പി നീരജ്. ആ ഇഷ്ടം കൊണ്ടെത്തിച്ചത് സംസ്ഥാന ശാസ്ത്രമേളയിലും. ഹയർ സെക്കന്‍ഡറി വിഭാഗം പ്രവൃത്തി പരിചയമേളയിലെ ആഭരണ നിർമ്മാണത്തിലായിരുന്നു കൗതുക കാഴ്ച. കോഴിക്കോട് നടുവണ്ണൂർ ജിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് ഈ മിടുമിടുക്കൻ. മത്സരത്തിൽ ലഭിച്ച ഡിസൈൻ ഇച്ചിരി ടഫ് ആയിരുന്നെന്നു നീരജ് തന്നെ പറയുന്നു. ‘നയന ചെയ്യുന്നത് കണ്ടാണ് ഇഷ്ടം തോന്നുന്നത്. ഇക്കുറി ശാസ്ത്രമേളയിലെ അവസാന വർഷം ആണ്. എ ഗ്രേഡ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ നീരജ് പറഞ്ഞു. അഞ്ചാം ക്ലാസ് മുതൽ നീരജ് മാലകോർക്കാൻ സമർത്ഥനാണ്. ഇതേ വിഭാഗത്തിൽ യുപി തല മത്സരത്തിൽ സംസ്ഥാന ശാസ്ത്രമേളയ്ക്ക് എത്തിയിട്ടുമുണ്ട്. ആകെ 28 പേരാണ് മത്സരിച്ചത്. കോഴിക്കോട് പേരാമ്പ്ര മരുതേരിയിൽ കെ പി അശോകനാണ് പിതാവ്. മാതാവ് ഷിജി.