Site iconSite icon Janayugom Online

മഹാഭാരത കഥാസന്ദര്‍ഭങ്ങളെ കോര്‍ത്തിണക്കി ചുമര്‍ ചിത്രമാല

മഹാഭാരതകഥയെ ചുമര്‍ ചിത്രമാലയിലൂടെ അവതരിപ്പിച്ച് ആസ്വാദനത്തിന്റെ വ്യത്യസ്തവും നൂതനവുമായ തലം ഒരുക്കി ചിത്രകാരനായ അരുണ്‍ അരവിന്ദ്. സാധാരണ ചിത്രങ്ങളില്‍ കാണുന്ന പരിചിതമായ മഹാഭാരത കഥാസന്ദര്‍ങ്ങളെ കൂടാതെ ഇന്നോളം വരയ്ക്കപ്പെടാത്ത ഒട്ടേറെ മുഹൂര്‍ത്തങ്ങളിലൂടെയാണ് അരുണിന്റെ ഉദ്യമമെന്നതാണ് ഏറ്റവും ശ്രദ്ധേയം. മഹാഭാരതത്തിലെ പതിനെട്ട് പര്‍വ്വങ്ങളിലൂടെയും ചിത്രകാരന്‍ കടന്നുപോകുന്നു.

അമ്പതിലേറെ സീനുകളിലായുള്ള ഈ കൂറ്റന്‍ ചിത്രത്തിന് 125 അടി നീളവും മൂന്ന് അടി വീതിയും ഉണ്ട്. മഹാഭാരതത്തെ ആഴത്തില്‍ പഠിച്ചാണ് ചിത്രങ്ങള്‍ക്കാവശ്യമായ സന്ദര്‍ഭങ്ങള്‍ തെരഞ്ഞെടുത്തത്. മാസങ്ങളോളം നീണ്ട പഠനത്തിനും ഒരു വര്‍ഷത്തിലധികം നീണ്ട പരിശ്രമത്തിനും ഒടുവിലാണ് അരുണിന്റെ കലാസൃഷ്ടി രൂപമെടുത്തത്. മഹാഭാരതത്തെ ചിത്രങ്ങളിലുടെ അവതരിപ്പിക്കുക എന്നത് ശ്രമകരമാണ്. കാരണം അത്രയേറെ സന്ദര്‍ഭങ്ങള്‍ കൊണ്ട് സമ്പന്നമാണത്. അധികം പരിചിതമല്ലാത്ത എന്നാല്‍ കഥയില്‍ നിര്‍ണായക മുഹൂര്‍ത്തമായി കണക്കാക്കുന്ന അവസരങ്ങള്‍ കണ്ടെത്തുക എന്നതായിരുന്നു വലിയ വെല്ലുവിളി. മഹാഭാരതത്തിന്റെ വൈശിഷ്ട്യവും സന്ദേശവും പൂര്‍ണമായും ഉള്‍ക്കൊള്ളുകയും ചെയ്തിട്ടുണ്ടെന്ന് അരുണ്‍ വ്യക്തമാക്കി. 

പാരമ്പര്യ ചുമര്‍ ചിത്രകലാ ശൈലിയില്‍ കാന്‍വാസില്‍ അക്രലിക് കളര്‍ ഉപയോഗിച്ചാണ് മഹാഭാരതം പകര്‍ത്തിയിരിക്കുന്നത്. കഥാസന്ദര്‍ഭങ്ങളെ ഒരു മാല പോലെ കോര്‍ത്തിണക്കിയതിനാല്‍ ഏതൊരാള്‍ക്കും മഹാഭാരതത്തിലൂടെ ഒരു യാത്ര സമ്മാനിക്കാന്‍ ഈ ഭീമന്‍ ചുവര്‍ ചിത്രത്തിലൂടെ സാധ്യമാകും. 

എടപ്പാള്‍ കോലളമ്പ് സ്വദേശിയായ അരുണ്‍ ഗുരുവായൂര്‍ ചുമര്‍ ചിത്രകലാ കേന്ദ്രത്തില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. നിരവധി ക്ഷേത്രങ്ങളുടെ ചുമരുകളില്‍ അരുണിന്റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ശിഷ്യന്മാരായ ശ്രീനി പന്താവൂര്‍, അനീഷ് വയനാട് എന്നിവരും ചുമര്‍ചിത്ര വിസ്മയം പൂര്‍ത്തിയാക്കുന്നതിന് സഹായികളായി. 

Exit mobile version