ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് നിയന്ത്രണം നഷ്ടപ്പെട്ട് കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അങ്ങാടിക്കടവിലെ കുറിച്ചിക്കുന്നേൽ ഇമ്മാനുവേൽ (21) ആണ് മരിച്ചത്. ആനപ്പന്തി അങ്ങാടിക്കടവ് മെയിൻ റോഡിൽ വഴക്കുണ്ടിലാണ് അപകടം. പുലർച്ചെ 5.30 ഓടെയാണ് സംഭവം.
തൃശൂരിൽ നിന്നും എൻട്രൻസ് പരീക്ഷ എഴുതി തിരിച്ചുവരികയായിരുന്നു ഇമ്മാനുവേൽ. അപകടം നടന്നതിന് നൂറുമീറ്റർ അകലെ നിന്ന ഉണങ്ങിയ റബ്ബര്‍ മരം പൊടുന്നനെ റോഡിന് കുറുകെ കാറിന് മുകളിലേക്ക് മറിഞ്ഞുവീണതാണ് അപകടകാരണം. അപ്രതീക്ഷിതമായി മരം വീണതോടെ നിയന്ത്രണം നഷ്ടപ്പെട്ട് മുന്നോട്ട് ഓടിയ വാഹനം വലിയ തെങ്ങ് ഇടിച്ചുമറിച്ചിട്ട ശേഷം പതിനഞ്ചടിയോളം താഴ്ചയിലുള്ള കുളത്തിലേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികൾ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വെള്ളത്തിലേക്ക് കൂപ്പുകുത്തി വീണ കാറിന്റെ മുൻഭാഗം ചെളിയിൽ അമർന്നതും കനത്ത മഴയും ഇരുട്ടും രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിച്ചു. പൊലീസും, ഫയർ ഫോഴ്സും സ്ഥലത്തെത്തിയിരുന്നു. അങ്ങാടിക്കടവ് കുറിച്ചികുന്നേൽ ബെന്നി-ബീന ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: എലിസബത്ത്, എമിലി. സംസ്കാരം ഇന്ന് വൈകുന്നേരം നാലുമണിക്ക് അങ്ങാടിക്കടവ് തിരുഹൃദയപള്ളിയിൽ.