Site iconSite icon Janayugom Online

മണികണ്ഠൻ ചാൽ ചപ്പാത്ത് മുറിച്ചു കടന്ന യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി

പൂയംകുട്ടി പുഴ കുറുകെ കടക്കാൻ വെള്ളത്തിൽ മുങ്ങിയ മണികണ്ഠൻചാൽ ചപ്പാത്തിലൂടെ നടന്ന യുവാവിനെ ഒഴുക്കിൽപെട്ടു കാണാതായി. മണികണ്ഠൻചാൽ വാർക്കൂട്ടുമാവിള രാധാകൃഷ്ണനാണ് (ബിജു-37) ഒഴുക്കിൽപ്പെട്ടത്. ബുധനാഴ്ച രാവിലെ ആറരയോടെയാണ് ഒഴുക്കിൽപെട്ടത്. ഐഷാസ് സ്വകാര്യബസ് തൊഴിലാളിയായ ബിജു ജോലിക്കായി പൂയംകുട്ടിക്കു പോയതായിരുന്നു. ശക്തമായ മഴയിലും മലവെള്ളപ്പാച്ചിലിലും മുങ്ങിയ ചപ്പാത്തിലൂടെ നടന്നു പകുതി ഭാഗം പിന്നിട്ടപ്പോൾ കാൽവഴുതി ഒഴുക്കിൽപെടുകയായിരുന്നു. ചപ്പാത്തിലൂടെ മറുകരയിലേക്ക് നടന്ന മണികണ്ഠൻചാൽ സ്വദേശി സജി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വിവരമറിഞ്ഞ് കോതമംഗലം അഗ്നിരക്ഷാസേനയുടെ സ്കൂബ ടീം എത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ തിരച്ചിലിനെ ബാധിച്ചു. വൈകിട്ടോടെ ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. നേവിയുടെ സഹായവും ലഭ്യമാക്കാൻ കലക്ടറോട് ആവശ്യപ്പെട്ടതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. പുഴക്ക് കുറുകെയുള്ള ചപ്പാത്തിൽ മുട്ടോളം വെള്ളമുണ്ടായിരുന്നു. മറ്റൊരാൾ ബിജുവിന് മുന്നെ നടന്ന് മറുകരയിലെത്തിയിരുന്നു. ചപ്പാത്തിൽ പകുതിയോളം എത്തിയപ്പോഴേക്കും കാലിടറി വീണു. പ്രതീഷിച്ചതിലുമേറെ വെള്ളവും ഒഴുക്കുമുണ്ടായിരുന്നതാണ് ബിജുവിന് വിനയായത്. 

ചപ്പാത്തിന് താഴെ വിവിധ ഭാഗങ്ങിൽ ബിജുവിനെ കണ്ടെത്താൻ തെരച്ചിൽ നടത്തി. ശക്തമായ മഴയും കുത്തൊഴുക്കും തെരച്ചിൽ ദുഷ്കരമാക്കി. വൈകുന്നേരത്തോടെ എൻ ഡി ആർ എഫ് സംഘവും തെരച്ചിലിൽ പങ്കുചേർന്നു. ഇരുട്ടും മഴയും കാരണം വൈകിട്ട് ആറരയോടെ തിരച്ചിൽ തൽക്കാലം നിർത്തി. ഇന്ന് രാവിലെ തെരച്ചിൽ തുടരും. പൂയംകുട്ടി മേഖലയിൽ കനത്ത മഴയാണുണ്ടായിരുന്നത്. പുഴയിൽ ജലനിരപ്പ് ഉയരുന്നതിനും ചപ്പാത്ത് മുങ്ങുന്നതിനും കാരണമായി. ചൊവ്വാഴ്ച മുതൽ ചപ്പാത്തിലൂടെയുള്ള യാത്ര ദുഷ്കരമായിരുന്നു. പുഴയിൽ ജല നിരപ്പ് ഉയർന്നതോടെ ബ്ലാവനയിലെ ജങ്കാർ സർവ്വീസും നിറുത്തിവച്ചിരിക്കുകയാണ്. ഇതേതുടർന്ന് മണികണ്ഠൻചാൽ, കല്ലേലിമേട്, തുടങ്ങിയ പ്രദേശങ്ങളും വിവിധ ആദിവാസി ഉന്നതികളും ഒറ്റപ്പെട്ടു. 

Exit mobile version