സമൂഹ മാധ്യമങ്ങളിലെ സൈബർ ആക്രമണത്തെ തുടർന്ന് കോട്ടയത്ത് യുവതി ജീവനൊടുക്കിയതായി പരാതി. ഐഎഎസ് ഓഫിസറും മണിപ്പൂർ സബ് കളക്ടറുമായ ആശിഷ് ദാസിന്റെ ഭാര്യാ സഹോദരി കോട്ടയം കടുത്തുരുത്തി മാഞ്ഞൂർ വരകുകാലായിൽ വി എം ആതിര (26) ആണ് ജീവനൊടുക്കിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആതിരയുടെ സുഹൃത്തായിരുന്ന യുവാവിന്റെ സൈബർ ആക്രമണത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് വിവരം. ആതിരയും അരുൺ വിദ്യാധരൻ എന്ന യുവാവുമായി നേരത്തെ ബന്ധമുണ്ടായിരുന്നു. എന്നാൽ ഇടയ്ക്ക് ബന്ധത്തിൽ വിള്ളൽ വീണു. ഇതേ തുടർന്ന് ആതിരയ്ക്കെതിരെ അരുണ്‍ സൈബർ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പരാതി. ഇരുവരും തമ്മിലുള്ള വ്യക്തിപരമായ ചാറ്റ് അടക്കമുള്ള വിവരങ്ങളടക്കം അരുണ്‍ പുറത്തുവിടുകയായിരുന്നു. തുടര്‍ന്ന് ആതിര പൊലീസിന് പരാതി നല്‍കി.
പൊലീസ് വിഷയത്തിൽ നിസംഗ നിലപാടാണ് സ്വീകരിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. വിഷയത്തിൽ ഐഎഎസ് ഓഫിസർ കൂടിയായ സഹോദരീ ഭർത്താവ് ഇടപെട്ടിരുന്നു. എന്നിട്ടു പോലും പൊലീസ് നടപടിയെടുത്തില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. തുടർന്ന്, ഇന്നലെ രാവിലെ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആതിരയുടെ സംസ്കാരം നടത്തി. അരുണിനെ കണ്ടെത്താനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. അരുൺ ആതിരയ്ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടത് കോയമ്പത്തൂരിൽ നിന്നാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. തമിഴ്‌നാട് പൊലീസിന്റെ കൂടി സഹായത്തോടെയാണ് പ്രതിക്കായി അന്വേഷണം നടക്കുന്നത്. അരുൺ വിദ്യാധരൻ ആതിരയെ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് ആശിഷ് ദാസ് പറഞ്ഞു. ഒളിവിൽ പോയതിന് ശേഷമാണ് പ്രതി സഹോദരിക്കെതിരെ പോസ്റ്റുകൾ ഇട്ട് തുടങ്ങിയത്. രണ്ട് വർഷം മുമ്പ് അരുണിന്റെ സ്വഭാവ വൈകൃതം കാരണം ആ ബന്ധം തകര്‍ന്നു. ഈയടുത്ത് ആതിരയ്ക്ക് വിവാഹാലോചന വന്നതോടെയാണ് അരുൺ വീണ്ടും ഭീഷണിപ്പെടുത്തി തുടങ്ങിയതും സൈബർ ആക്രമണം നടത്തിയതെന്നും ആശിഷ് പറഞ്ഞു.
English Summary: A young woman committed suicide in Kottayam due to cyber attack
You may also like this video’