Site iconSite icon Janayugom Online

ആധാര്‍: വീണ്ടും വിവരചോര്‍ച്ച, 75 കോടി ഇന്ത്യക്കാരുടെ  വിവരങ്ങള്‍ വില്പനയ്ക്ക് 

75 കോടിയോളം ഇന്ത്യക്കാരുടെ ആധാര്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ഓണ്‍ലൈനില്‍ വില്പനയ്ക്കെന്ന് റിപ്പോര്‍ട്ട്. ഡിജിറ്റല്‍ സുരക്ഷാ ഭീഷണി വിശകലനം ചെയ്യുന്ന ക്ലൗഡ്സെക് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്.
സൈബോ ഡെവിള്‍ എന്ന പേരിലാണ് രേഖകള്‍ വില്പനയ്ക്ക് സൂക്ഷിച്ചിരിക്കുന്നത്. ഈ മാസം 14നും സമാനമായ രീതിയില്‍ യൂണിറ്റ്8200 എന്ന പേരില്‍ ടെലിഗ്രാമില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നതായി കമ്പനി പറഞ്ഞു. മൊബൈല്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍, മേല്‍വിലാസം,  ആധാര്‍ രേഖകള്‍, കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ എന്നിവയാണ് വില്പനയ്ക്കായി ഉണ്ടായിരുന്നത്.
2023ല്‍ ആരംഭിച്ച സൈബോക്ര്യൂ ഗ്രൂപ്പിന്റെ ഭാഗമാണ് സൈബോഡെവില്‍, യൂണിറ്റ്8200 എന്നിവ.  നെറ്റ്പ്ലസ് കോ, സിവാമേ, ഗിവാ കോ,  ഹ്യൂണ്ടായ് എന്നിവയുമായി ബന്ധപ്പെട്ട വിവര ചോര്‍ച്ചയില്‍ പങ്കാളികളായവരാണ് സൈബോക്ര്യൂ എന്നും ഇത് 21ലക്ഷം പേരെ ബാധിച്ചതായും സൈബര്‍ സുരക്ഷാ സ്ഥാപനം അറിയിച്ചു. ടെലിഗ്രാമില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുകളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എങ്ങനെയാണ് വിവരചോര്‍ച്ച ഉണ്ടായതെന്ന് വ്യക്തമല്ലെന്നും സര്‍ക്കാര്‍ സംവിധാനങ്ങളിലെ സുരക്ഷിതമല്ലാത്ത ഇടങ്ങളില്‍ നിന്നാണ് രേഖ ചോര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  സൈബോക്ര്യൂവിനോട് വിവരങ്ങള്‍ ലഭ്യമായി എന്ന ചോദ്യത്തിന് നിയമസംവിധാനങങ്ങളിലൂടെ എന്നായിരുന്നു മറുപടി. ഇത്രയേറെ രഹസ്യ സ്വഭാവമുള്ള വിവരങ്ങളുടെ ചോര്‍ച്ച സംബന്ധിച്ച് സൂക്ഷ്മമായ അന്വേഷണം ആവശ്യമാണെന്നും കമ്പനി പറഞ്ഞു. ഇത്തരം വിവരങ്ങള്‍ ചോര്‍ന്നാല്‍ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങള്‍ സംബന്ധിച്ചും റാൻസം ആക്രമണങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് ആശങ്ക അറിയിച്ചു.
2018 ജനുവരി മുതല്‍ 2023 ഒക്ടോബര്‍ വരെ 165 വിവര ചോര്‍ച്ചാ സംഭവങ്ങള്‍ ഉണ്ടായതായി കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഐടി സഹ മന്ത്രി രാജീവ് ചന്ദ്ര ശേഖര്‍ നേരത്തെ അറിയിച്ചിരുന്നു.  യുണീക് ഐഡന്റിഫിക്കേഷൻ അതോറിട്ടി ഓഫ് ഇന്ത്യയുടെ കയ്യില്‍ നിന്നും ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. എന്നാല്‍ വാട്സ്ആപ്പ് വഴി വിവരം വിറ്റഴിച്ചയാളില്‍ നിന്ന് രേഖകള്‍ വാങ്ങിയതായി ദി ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 100 കോടി പേരുടെ ആധാര്‍ രേഖകള്‍ തടസമില്ലാതെ ലഭ്യമാക്കുന്നതായും ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Eng­lish Sum­ma­ry: Aad­haar Data leak again
You may also like this video
Exit mobile version