Site icon Janayugom Online

ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി

സർക്കാർ സബ്സിഡികളും ആനുകൂല്യങ്ങളും ലഭിക്കുന്നതിന് ആധാർ നമ്പർ നിർബന്ധമാക്കി. ആധാര്‍ നിയമത്തിലെ ഏഴാം വകുപ്പനുനുസരിച്ച് പൗരന്മാരോട് ആനുകൂല്യങ്ങള്‍ നല്കുന്നതിന് ആധാർ നമ്പർ കേന്ദ്ര‑സംസ്ഥാന സർക്കാരുകൾക്ക് ആവശ്യപ്പെടാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ആധാർ നമ്പറോ, അതിന്റെ എൻറോൾമെന്റ് സ്ലിപ്പോ നിർബന്ധമാക്കാമെന്ന് അറിയിപ്പിൽ പറയുന്നു.

രാജ്യത്തെ 99 ശതമാനത്തിലേറെ പൗരന്മാർക്കും ഇപ്പോൾ ആധാർ നമ്പരുണ്ട്. ആധാർ ഇല്ലാത്ത ഒരാൾക്ക് എൻറോൾമെന്റിനായി അപേക്ഷ നല്കാമെന്നും ആധാർ നമ്പർ ലഭിക്കുന്നതുവരെ ഇതിന്റെ സ്ലിപ്പ് രേഖയായി ഉപയോഗിച്ച് ആനുകൂല്യങ്ങളും സബ്സിഡിയും സേവനങ്ങളും നേടണമെന്നും സർക്കുലർ പറയുന്നു. സേവനങ്ങൾ നല്കുന്നതിൽ ആധാര്‍ നിർബന്ധമാണെന്ന് ചൂണ്ടിക്കാട്ടുന്നതാണ് സർക്കുലർ. വിർച്വൽ ഐഡന്റിഫയര്‍ (വിഐഡി) സൗകര്യം യുഐഡിഎഐ നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ആധാർ നമ്പറിനൊപ്പം ചേർത്തിരിക്കുന്ന താല്ക്കാലികവും പിൻവലിക്കാവുന്നതുമായ 16 അക്ക നമ്പറാണിത്. ഇ‑കെവൈസി സേവനത്തിന് ആധാർ നമ്പറിന് പകരം ഇത് ഉപയോഗിക്കാം.

‘സാമൂഹിക ക്ഷേമ പദ്ധതികൾ സുഗമമായി നടപ്പിലാക്കുന്നതിന് ചില സർക്കാർ സ്ഥാപനങ്ങൾക്ക് ആധാർ നമ്പർ ആവശ്യമായി വന്നേക്കാം. അത്തരം സർക്കാർ സ്ഥാപനങ്ങൾക്ക് ഗുണഭോക്താക്കളോട് ആധാർ നമ്പറുകൾ നല്കാൻ വിഐഡി ഓപ്ഷണൽ ആക്കാനും ആവശ്യപ്പെടാം’ സർക്കുലറിൽ പറയുന്നു. ആനുകൂല്യങ്ങളും സേവനങ്ങളും ലഭിക്കുന്നതിനായുള്ള സർട്ടിഫിക്കറ്റുകൾക്കും ആധാറോ ആധാർ എൻറോൾമെന്റ് നമ്പറോ വേണ്ടിവരുമെന്നും യുഐഡിഎഐ സൂചിപ്പിച്ചു.

ആധാർ പദ്ധതിയുടെ ഭരണഘടനാ സാധുതയും നിയമത്തിലെ മിക്ക വ്യവസ്ഥകളും 2018 സെപ്റ്റംബറിലെ ഒരു വിധിയിൽ സുപ്രീം കോടതി ശരിവച്ചിരുന്നു. എന്നാൽ ഫോൺ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഏഴാം വകുപ്പ് പ്രകാരം ഒരു സബ്സിഡി, ആനുകൂല്യം അല്ലെങ്കിൽ സേവനം ലഭിക്കുന്നതിന് ആധാർ ആവശ്യപ്പെടുന്നത് കേന്ദ്ര ഫണ്ട് അനുസരിച്ചുള്ള പദ്ധതികൾക്ക് മാത്രമായിരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് വിരുദ്ധമായാണ് പുതിയ തീരുമാനം.

Eng­lish Sum­ma­ry: Aad­haar made manda­to­ry for benefits
You may also like this video

Exit mobile version