ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് വ്യോമ പ്രതിരോധ സംവിധാനത്തിന്റെ നൂതന പതിപ്പിന്റെ പരീക്ഷണം വിജയകരം. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആണ് പരീക്ഷണം നടത്തിയത്. പരീക്ഷണത്തിന്റെ വീഡിയോ വ്യോമ പ്രതിരോധ മന്ത്രാലയം എക്സിലൂടെ പങ്ക് വച്ചു. പഴയ ആകാശ് മിസൈലുകളുടെ പരിധി 25–35 വരെയായിരുന്നെങ്കില്‍ പുതിയ ആകാശ് എന്‍ജിയുടേത് 70–80 കിലോമീറ്ററായി ഉയര്‍ന്നിട്ടുണ്ട്. ഡ്രോണുകൾ, യുദ്ധവിമാനങ്ങൾ, മിസൈലുകൾ എന്നിവയെ തകർക്കാനാണ് ഇവ ഉപയോഗിക്കുക. വ്യോമ ഭീഷണികൾക്കെതിരെ പ്രതിരോധം ഉറപ്പാക്കുന്നതിനുള്ള ശക്തമായ സംവിധാനമാണ് ആകാശ്-എൻജി.
തദ്ദേശീയമായി നിർമ്മിച്ച റേഡിയോ ഫ്രീക്വൻസി (ആർഎഫ്) സീക്കർ, ഡ്യുവൽ-പൾസ് സോളിഡ് റോക്കറ്റ് മോട്ടോർ, പൂർണമായും തദ്ദേശീയമായി നിർമ്മിച്ച റഡാറുകൾ, സി2 സിസ്റ്റങ്ങൾ എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. മൾട്ടി-ഫംഗ്ഷൻ റഡാർ, കമാൻഡ് ആൻഡ് കൺട്രോൾ യൂണിറ്റ്, മിസൈൽ ലോഞ്ച് വെഹിക്കിൾ തുടങ്ങിയ എല്ലാ സിസ്റ്റങ്ങളും സബ്സിസ്റ്റങ്ങളും ഇന്ത്യൻ വ്യവസായങ്ങളുടെ സഹായത്തോടെ ഡിആര്‍ഡിഒയുടെ വിവിധ ലബോറട്ടറികൾ രൂപകല്പന ചെയ്തിട്ടുള്ളതാണ്. പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രതിരോധ മന്ത്രാലയത്തെ അഭിനന്ദിച്ചു.

