Site iconSite icon Janayugom Online

ആംആദ്മി പാര്‍ട്ടിയെന്ന രാഷ്ട്രീയ കപടനാട്യം

aapaap

ന്ത്യൻ സമ്പദ്ഘടനയെ മെച്ചപ്പെടുത്താൻ രാജ്യത്തിന്റെ കറൻസി നോട്ടുകളിൽ ഹിന്ദുദേവതകളായ ഗണപതിയുടെയും ലക്ഷ്മിയുടെയും ചിത്രങ്ങൾ ആലേഖനം ചെയ്യണമെന്ന ആവശ്യവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. മഹാത്മാഗാന്ധിയുടെ ചിത്രം നിലനിർത്തി കറൻസിയുടെ മറുവശത്ത് ഹിന്ദുദേവതകളുടെ ചിത്രം ആലേഖനം ചെയ്യണമത്രേ. നിലവിലുള്ള നോട്ടുകൾ പിൻവലിക്കേണ്ടതില്ലെന്നും പുതുതായി ഇറക്കുന്ന നോട്ടുകളിൽ മാത്രം ഈ പരിഷ്കാരം മതിയെന്നുമുള്ള ഉദാര സമീപനമാണ് അദ്ദേഹത്തിന്റേത്. തനിക്ക് ഈ വെളിപാട് ദീപാവലി പൂജ നടത്തുമ്പോൾ ലഭിച്ചതാണെന്നും കെജ്‌രിവാൾ കൂട്ടിച്ചേർക്കുന്നു. ഇന്ത്യൻ സമ്പദ്ഘടന മെച്ചപ്പെടുത്താനുള്ള ഉദ്യമം വിജയിക്കണമെങ്കിൽ ദൈവങ്ങളുടെയും ദേവതമാരുടെയും അനുഗ്രഹംകൂടി ഉണ്ടായേ മതിയാവു. ഇന്ത്യക്ക് ഇപ്പോൾ ഇല്ലാത്ത ദൈവാനുഗ്രഹത്തിലേക്കുള്ള കുറുക്കുവഴിയായാണ് കറൻസി നോട്ടുകളിൽ ദൈവങ്ങളുടെ ചിത്രംകൂടി ഉൾപ്പെടുത്തുക എന്നത്. അതിന് ഉപോദ്ബലകമായി അദ്ദേഹം നിരത്തുന്നത് ഇന്തോനേഷ്യയുടെ കറൻസിയാണ്. ഇന്തോനേഷ്യ ലോകത്തെ പതിനേഴാമത്തെ ബൃഹദ്സമ്പദ്ഘടനയും ജിഡിപി സൂചികയിൽ ഏഴാമതുമാണ്. അതിനു നിദാനമായി അദ്ദേഹം പറയുന്നത്, അവിടത്തെ കറൻസിയിൽ ചിലതിൽ ആലേഖനം ചെയ്യപ്പെട്ട ഗണപതി ചിത്രമാണെന്നും വ്യഖ്യാനിക്കുന്നു. അത് ആ രാജ്യത്തിന്റെ ചരിത്രം, സംസ്കാരം എന്നിവയെ വളച്ചൊടിച്ചു വ്യാഖാനിക്കലോ അതല്ലെങ്കിൽ അതേപ്പറ്റിയുള്ള അജ്ഞതയോ ആണെന്നുവേണം കരുതാൻ. മലയാളത്തിന്റെ വിഖ്യാത സാഹിത്യപ്രതിഭ എസ് കെ പൊറ്റെക്കാട്ടിന്റെ ഇന്തോനേഷ്യൻ ഡയറി വായിച്ചിട്ടുള്ള ആർക്കും ഇന്തോനേഷ്യൻ കറൻസിയിൽ ഗണപതി സ്ഥാനംപിടിക്കാനുണ്ടായ ചരിത്ര, സാംസ്കാരിക പശ്ചാത്തലം ഊഹിക്കാവുന്നതേയുള്ളു. വസ്തുത അതായിരിക്കെ കെജ്‌രിവാളിന്റെ മത്സരാധിഷ്ഠിത ഹിന്ദുത്വ രാഷ്ട്രീയ ലക്ഷ്യമാണ് പുതിയ നിർദ്ദേശത്തിലൂടെ തുറന്നുകാട്ടപ്പെടുന്നത്.


ഇതുകൂടി വായിക്കൂ:  ഓർമ്മകളാണ് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ശക്തി


അഴിമതിക്കും വർഗീയതയ്ക്കും എതിരെ രാഷ്ട്രീയത്തിൽ രംഗപ്രവേശം ചെയ്ത കെജ്‌രിവാളിന്റെ രാഷ്ട്രീയ പരിണാമം ആരെയും അത്ഭുതപ്പെടുത്തേണ്ടതില്ല. കെജ്‌രിവാളിന്റെ രാഷ്ട്രീയ സ്വപ്നങ്ങൾ പൂവണിയുന്നത് 2011ൽ അണ്ണാ ഹസാരെ അഴിമതിക്കെതിരെ, ലോക്പാൽ ബില്ലിനുവേണ്ടി നടത്തിയ ഉപവാസ സമരത്തിലൂടെ ആയിരുന്നു. ആ സമരത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചതും അതിന്റെ ബഹുജന അടിത്തറയും എബിവിപി, ആർഎസ്എസ് തുടങ്ങിയ സംഘ്പരിവാർ ശക്തികൾ ആയിരുന്നു. അവിടെ തനിക്ക് നിലനില്പില്ലെന്ന തിരിച്ചറിവാണ് ആംആദ്മി പാർട്ടിയുടെ രൂപീകരണത്തിലേക്കു നയിച്ചത്. ഡൽഹി തെരഞ്ഞെടുപ്പിൽ ഹനുമാൻ ക്ഷേത്രങ്ങൾ സന്ദർശിച്ചും ഹനുമാൻ ചാലിസ ഉരുവിട്ടും ഹിന്ദു വോട്ടുകൾ സ്വാധീനിക്കാൻ ആരംഭിച്ച കെജ്‌രിവാൾ ഇപ്പോൾ പൂർണമായും ബിജെപിയുമായി മത്സരാധിഷ്ഠിത ഹിന്ദുത്വ രാഷ്ട്രീയ പോരാട്ടത്തിലാണ് ഏർപ്പെട്ടിരിക്കുന്നത്. മറ്റേതൊരു മധ്യ‑വലതുപക്ഷ രാഷ്ട്രീയ നേതാക്കളെയും പോലെ വോട്ടിനു വേണ്ടി എന്ത് ചെപ്പടിവിദ്യകൾക്കും പോന്നവനാണ് താനെന്നു തെളിയിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനെ തുടർന്ന് ഹിമാചലിലും ഗുജറാത്തിലും എഎപിക്ക് സാധ്യതകൾ ഉണ്ടെന്നും അത് ദേശീയ രാഷ്ട്രീയത്തിലേക്കുള്ള തന്റെ വഴിതുറക്കുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു. എഎപി സമീപകാലത്ത് മത്സരിച്ച തെരഞ്ഞെടുപ്പുകളിലെല്ലാം തങ്ങൾ അധികാരത്തിൽവന്നാൽ രാജ്യത്തെ പ്രമുഖ ഹൈന്ദവ ക്ഷേത്രങ്ങളിലേക്കും തീർത്ഥാടനകേന്ദ്രങ്ങളിലേക്കും സൗജന്യ തീർത്ഥയാത്രകൾ വാഗ്ദാനമായി നൽകുന്നത് പതിവാക്കിയിരിക്കുന്നു. പ്രചാരണത്തിന് പോകുന്ന ഇടങ്ങളിലെല്ലാം ക്ഷേത്രദർശനവും പൂജയുമെല്ലാം ഓട്ടോറിക്ഷ തൊഴിലാളികളുടെ കുടിലുകളിലെ അത്താഴംപോലെ പതിവ് കലാപരിപാടിയാക്കി മാറ്റിയിരിക്കുന്നു. ബിജെപിയുടെ ഹിന്ദുത്വ കാർഡിന് ബദൽ തന്റെ ഹിന്ദുത്വ കാർഡാണെന്നു തെളിയിക്കുകയാണ് ഒരുഘട്ടത്തിൽ മധ്യവർഗത്തിന്റെ ഹരമായിരുന്ന അരവിന്ദ് കെജ്‌രിവാൾ.


ഇതുകൂടി വായിക്കൂ:  അബ്ബാ ജാന്‍: പുതിയ വിഭജന മന്ത്രം


അരവിന്ദ് കെജ്‌രിവാളും ആംആദ്മി പാർട്ടിയും തുടക്കത്തിൽ മുന്നോട്ടുവച്ച അഴിമതി വിരുദ്ധതയും മതനിരപേക്ഷതയും രാഷ്ട്രീയ കപടനാട്യങ്ങൾ മാത്രമാണെന്ന് അവർതന്നെ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഡൽഹി ഭരണകൂടത്തിൽ കെജ്‌രിവാളിന്റെ ഇടതും വലതും മുന്നിലും പിന്നിലും വലയംചെയ്ത് നില്‍ക്കുന്നത് അഴിമതിക്കാരാണെന്നും അവർ വാഗ്ദാനംചെയ്ത ക്ഷേമപ്രവർത്തനങ്ങൾ ഇടതുകൈകൊണ്ട് നൽകിയത് മുഴുവനും അതിലധികവും വലതുകൈകൊണ്ട് പിടിച്ചുപറിക്കുന്ന കൊള്ളയാണെന്നും ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. പഞ്ചാബും ഡൽഹിയുടെ പാതയിലാണെന്ന് അവിടെനിന്നുള്ള വാർത്തകൾ സൂചിപ്പിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തിൽ ഡൽഹി സർക്കാർ കേവലം കാഴ്ചക്കാരായി നിന്നെന്നു മാത്രമല്ല, കൊള്ളയും കൊള്ളിവയ്പും കൊലപാതകങ്ങളും തടയാൻ സർക്കാരും കെജ്‌രിവാളും യാതൊന്നും ചെയ്തില്ല. തങ്ങളിൽ നിന്ന് അകന്നുപോയ മതന്യൂനപക്ഷത്തിനു പകരം ഹിന്ദുത്വ വോട്ടുബാങ്ക് സൃഷ്ടിക്കാനുള്ള പരിശ്രമത്തിലാണ് ആംആദ്മി പാർട്ടിയും അതിന്റെ നേതൃസ്ഥാനം അലങ്കരിക്കുന്ന രാഷ്ട്രീയ കപടനാട്യവും. ആ നയത്തിന്റെ വിപുലീകരണമാണ് ഹിമാചലിലും ഗുജറാത്തിലും ഏറ്റവും പുതുതായി കറൻസി നോട്ടിലും ചെന്നെത്തി നിൽക്കുന്നത്.

You may also like this video;

Exit mobile version