Site iconSite icon Janayugom Online

കേരളത്തിന്റെ ദാരിദ്ര്യ ലഘൂകരണത്തെ പ്രശംസിച്ച് അഭിജിത് ബാനർജി

നിരുപാധികമായി പാവപ്പെട്ടവർക്ക് നൽകുന്ന പണം അവരെ മടിയന്മാരാക്കുമെന്ന വാദത്തിന് തെളിവിന്റെ പിൻബലമില്ലെന്ന് നൊബേൽ സമ്മാന ജേതാവും പ്രമുഖ ഇന്ത്യൻ-അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനുമായ അഭിജിത് ബാനർജി. ജനങ്ങൾക്ക് എളുപ്പത്തിൽ പണം നൽകുന്നത് അവരെ മടിയന്മാരാക്കും, ജനങ്ങളെ ഒരു പരിധിയിൽ കവിഞ്ഞ് സഹായിക്കാൻ പാടില്ല തുടങ്ങിയ ഉദാരവല്‍കൃത ലോകത്തിലെ വാദങ്ങളിൽ കഴമ്പില്ല എന്നാണ് 13 രാജ്യങ്ങളിൽ നടത്തിയ റാൻഡമൈസ്ഡ് കൺട്രോൾഡ് ട്രയലിൽ നിന്ന് വ്യക്തമായതെന്ന് അദ്ദേഹം പറഞ്ഞു.

‘എങ്ങിനെ ദാരിദ്ര്യം തുടച്ചുനീക്കാം: കേരളത്തിൽ നിന്നും ഇന്ത്യയിൽ നിന്നും ലോകത്ത് നിന്നുമുള്ള പാഠങ്ങൾ’ എന്ന വിഷയത്തിൽ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദാരിദ്ര്യ നിർമ്മാർജനം നടപ്പാക്കാൻ പാവപ്പെട്ടവരെ വിശ്വാസത്തിലെടുക്കണം. പണം നേരിട്ട് അവരുടെ കൈകളിൽ ഏൽപ്പിച്ചാൽ മദ്യപിച്ചും മറ്റും ദുർവ്യയം ചെയ്യുമെന്ന വാദവും അസ്ഥാനത്താണ്. ഇന്തോനേഷ്യയിൽ ക്രെഡിറ്റ് കാർഡിന് സമാനമായ കാർഡ് ജനങ്ങൾക്ക് നേരിട്ട് നൽകിയപ്പോൾ അവർ കാർഡുപയോഗിച്ച് അവശ്യ സാധനങ്ങൾ വാങ്ങുകയും കാലക്രമേണ ദാരിദ്ര്യ നിരക്ക് 20 ശതമാനം കുറയുകയും ചെയ്തുവെന്ന് അഭിജിത് ബാനർജി ചൂണ്ടിക്കാട്ടി.

ദാരിദ്ര്യ നിർമ്മാർജനത്തിൽ രാജ്യത്ത് മുൻപന്തിയിൽ നിൽക്കുന്ന കേരളത്തെ പ്രശംസിച്ച അഭിജിത് ബാനര്‍ജി, വികേന്ദ്രീകൃത രീതിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സ്വന്തം പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ ഫണ്ട് അനുവദിക്കുന്ന മാതൃക, തന്നെ വളരെയധികം ആകർഷിച്ചതായി എടുത്തുപറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ധന മന്ത്രി കെ എൻ ബാലഗോപാൽ, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി തുടങ്ങിയവർ സംസാരിച്ചു. പ്രഭാഷണത്തിന് ശേഷം അഭിജിത് ബാനർജി സദസിൽ നിന്നുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകി. വൈജ്ഞാനിക സമ്പദ് വ്യവസ്ഥയാകാൻ ഒരുങ്ങുന്ന കേരളത്തിന്റെ സ്വപ്നങ്ങൾക്ക് തിളക്കമേകാൻ സംസ്ഥാനത്തെ സർവകലാശാലകളുമായി ചേർന്ന് പ്രവർത്തിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അഭിജിത് ബാനർജിയെ ക്ഷണിച്ചു. സംസ്ഥാനത്തിന്റെ ഉപഹാരം അഭിജിത് ബാനർജിക്ക് മുഖ്യമന്ത്രി കൈമാറി.

Eng­lish Sum­ma­ry: Abhi­jit Baner­jee prais­es Ker­ala’s pover­ty alleviation
You may also like this video

Exit mobile version