അങ്കമാലി- എരുമേലി ശബരി റയിൽപ്പാതയിലെ ചൂളം വിളിക്കു കാതോർത്ത് സംസ്ഥാനത്തിന്റെ മലയോര മേഖല. പദ്ധതിയുമായി ബന്ധപ്പെട്ട റയിൽവേ മന്ത്രാലയത്തിന്റെയും ബോർഡിന്റെയും കടുംപിടിത്തങ്ങൾ അയഞ്ഞതോടെ പാത തെളിയുമെന്നാണ് പൊതുവെയുള്ള വിശ്വാസം. ശബരി പദ്ധതിയുടെ പുതുക്കിയ ചെലവ് 3347.35 കോടിയാണ്. ഇതിലേക്ക് 2000 കോടി രൂപ കിഫ്ബി വഴി നൽകുമെന്ന് സംസ്ഥാന സർക്കാർ 2020–21‑ലെ ബജറ്റിൽ പ്രഖ്യാച്ചിരുന്നു. പുതുക്കിയ എസ്റ്റിമേറ്റ് കെ — റയിൽ (കേരളാ റയിൽ ഡവലപ്മെന്റ് കോർപ്പറേഷൻ ) റയിൽവേക്കു കൈമാറുന്നതോടെ കടമ്പകളിലെ മുഖ്യമായതൊന്നു കടക്കാനാവും. പുതുക്കിയ എസ്റ്റിമേറ്റ് കിട്ടിയാൽ വൈകാതെ അന്തിമ തീരുമാനമെടുക്കുമെന്നായിരുന്നു അടുത്തിടെ കേന്ദ്ര റയിൽ മന്ത്രി അശ്വനി വൈഷ്ണവ് പാരലമെന്റിനു നൽകിയ ഉറപ്പ്.
1997‑ൽ പദ്ധതി പ്രഖ്യാപിക്കുമ്പോൾ ഇപ്പോഴത്തെ ചെലവിന്റെ മൂന്നിലൊന്നായിരുന്നു കണക്കാക്കിയത്. 2017 ആയപ്പോൾ തുക 2815 കോടിയായി ഉയർന്നു. ഇപ്പോൾ 3347.35 കോടിയിലെത്തി. എറണാകുളം, കോട്ടയം, ഇടുക്കി,പത്തനംതിട്ട എന്നീ ജില്ലകളിലായി,പാതയുടെ മൊത്തം വരുന്ന 111 കിലോമീറ്റർ നീളത്തിലെ അവശേഷിക്കുന്ന രാമപുരം മുതൽ എരുമേലി വരെയുള്ള ഭാഗത്തെ ആകാശ സർവേ ( ലീഡാർ ) അടുത്തിടെ പൂർത്തിയായിരുന്നു.
വടക്കോട്ട കാലടി വരെയുള്ള 70 കി. മീറ്റർ ഭാഗത്തെ അലൈൻമെന്റ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രഗതി പദ്ധതിയിലുൾപ്പെടുത്തിയതായും പ്രധാനമന്ത്രിക്കു പ്രത്യേക താത്പര്യമുണ്ടെന്നുമൊക്കെ കൊട്ടിഘോഷിച്ചിരുന്നെങ്കിലും ആ പരിഗണനയൊന്നും കേന്ദ്രത്തിൽ നിന്നോ റയിൽവേയിൽ നിന്നോ ലഭിച്ചില്ല. അങ്കമാലി മുതൽ കാലടി വരെയുള്ള ഏഴു കിലോമീറ്റർ പാളം ത്രിശങ്കുവിലവസാനിപ്പിച്ച് ഇടയ്ക്കു വച്ച് റയിൽവേ പിന്മാറി. പിന്നെ, പഴയ വ്യവസ്ഥകൾ പൊളിക്കലും പുതിയ വ്യവസ്ഥകൾ വയ്ക്കലും സംസ്ഥാനത്തിനു മേൽ പുതിയ സാമ്പത്തിക ബാദ്ധ്യത അടിച്ചേൽപ്പിക്കലുമൊക്കെ തുടരെ നടന്നു. 2020‑ൽ ദക്ഷിണ റയിൽവേ പദ്ധതി മരവിപ്പിക്കുകയും ചെയ്തു.
പുതിയ സാഹചര്യത്തിൽ പദ്ധതി മരവിപ്പിക്കൽ ഒഴിവാക്കി ഭൂമിയേറ്റെടുക്കൽ തുടങ്ങണമെന്നു സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. 20 വർഷത്തിലേറെയായി പദ്ധതി പ്രദേശങ്ങളിലെ 900 ‑ത്തോളം പേർ ഭൂമിയുടെ ക്രയവിക്രയം നടത്താനാകാതെ ദുരിതത്തിലാണ്. പദ്ധതിയുടെ വിവിധ തലങ്ങളിൽ പരമാവധി ചെലവു കുറയ്ക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. പദ്ധതി നടത്തിപ്പിനായി റയിൽവേയും മറ്റുമായി പല വിട്ടുവീഴ്ചകൾക്കും സർക്കാർ തയ്യാറായിട്ടുമുണ്ട്. സംസ്ഥാന സർക്കാരിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയും മലയോര ജനത നടത്തിയ നിരന്തരമായ പ്രക്ഷോഭങ്ങളും പരിശ്രമങ്ങളും ഒരു സുപ്രധാന ഘട്ടത്തിലെത്തിലെത്തിയിരിക്കുകയാണെന്ന് സംയുക്ത സമര സമിതി കൺവീനർ മുൻ എംഎൽഎ ബാബു പോൾ പറഞ്ഞു.
English Summary:about Sabaripatha
You may also like this video