കണ്ണൂർ, പഴയങ്ങാടിയിൽ പാചക വാതകം ചോർന്നുണ്ടായ തീപിടുത്തത്തിൽ നാല് പേർക്ക് പൊള്ളലേറ്റു. അന്യ സംസ്ഥാന തൊഴിലാളികൾക്കാണ് പൊള്ളലേറ്റത്. ഇതിൽ രണ്ട് പേർ ഗുരുതരാവസ്ഥയിലാണ്. ഒഡീഷ കുർദ് സ്വദേശികളായ ശിവ ബഹ്റ (35), നിഗം ബഹ്റ (40), സുഭാഷ് ബഹ്റ (50), ജീതു (28 എന്നിവർക്കാണു പൊള്ളലേറ്റത്. ഇവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നു രാവിലെ ആറരയോടെ പുതിയങ്ങാടി ഹാർബറിന് സമീപത്തെ ക്വാട്ടേഴ്സിൽ ആണ് അപകടം ഉണ്ടായത്. ഭക്ഷണം പാകം ചെയ്യാൻ ശ്രമിക്കുന്നതിനിടെ തീ പടരുകയായിരുന്നു. ഇന്നലെ രാത്രിയിൽ ഗ്യാസ് അടുപ്പ് കൃത്യമായി ഓഫ് ചെയ്തിരുന്നില്ലെന്നാണ് വിവരം. രാത്രി ഗ്യാസ് ലീക്കായി മുറിയിൽ നിറയുകയും രാവിലെ അടുപ്പിൽ തീ പിടിപ്പിക്കാൻ ശ്രമിച്ചപ്പോൾ ആളിക്കത്തുകയുമായിരുന്നു.

