Site iconSite icon Janayugom Online

കല്ലും മണ്ണും റോഡിലേക്കിടിഞ്ഞ് അപകടം; താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു

താമരശ്ശേരി ഒമ്പതാം വളവിലെ വ്യൂ പോയിന്റിലുണ്ടായത് വലിയ മണ്ണിടിച്ചിൽ. റോഡിലേക്ക് കല്ലും മണ്ണും മരങ്ങളും ഇടിഞ്ഞുവീണു. ഇതോടെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വൈകീട്ട് ഏഴുമണിയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വൈകിട്ട് 6.45 ഓടെയാണ് സംഭവം. തുടര്‍ന്ന് കല്പറ്റയിൽ നിന്നും ഫയർ ഫോഴ്സ് എത്തി കല്ലും മരവും നീക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. ഗതാഗത കുരുക്കിനെ തുടര്‍ന്ന് അടിവാരത്തു നിന്നും ചുരത്തിലേക്ക് വാഹനങ്ങൾ കടത്തി വിടുന്നില്ല. കാൽനടയാത്രപോലും സാധ്യമല്ലാത്ത വിധമാണ് റോഡിലേക്ക് മണ്ണ് ഇടിഞ്ഞു വീണത്. 

വൈകീട്ട് ഈ പ്രദേശത്ത് മഴയുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. വയനാട്ടിലേക് പോകേണ്ട വാഹനങ്ങൾ കുറ്റ്യാടി ചുരം വഴി പോകണമെന്നാണ് പൊലീസിന്റെ നിര്‍ദേശം. കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് ഇതുവഴിയുള്ള ഗതാഗതത്തിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. വാഹനങ്ങൾ പോകുന്ന സമയത്താണ് അപകടം ഉണ്ടായത്. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. രണ്ട് ജെസിബി ഉപയോഗിച്ചാണ് മണ്ണ് മാറ്റുന്നത്. പാറ പൊട്ടിച്ച് നീക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഒരു നിരയായി വയനാട് ജില്ലയിലേക്ക് വരുന്ന വാഹനങ്ങൾ ചുരത്തിലൂടെ കടത്തിവിട്ടു തുടങ്ങി. വയനാട്ടിലേക്ക് പോകുന്നതും തിരിച്ചുവരുന്നതുമായ നിരവധി വാഹനങ്ങളാണ് പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്. അതേസമയം ഗതാഗതം നിരോധിച്ചതോടെ താമരശ്ശേരി ചുരം വഴി കയറേണ്ട വാഹനങ്ങൾ താമരശ്ശേരി ചുങ്കത്തുനിന്നും തിരിഞ്ഞ് പേരാമ്പ്ര, കുറ്റ്യാടി ചുരം വഴി പോകണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

Exit mobile version