Site iconSite icon Janayugom Online

കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണറിന്റെ കൈവരി ഇടിഞ്ഞുവീണു; ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്നുപേർ മരിച്ചു

കൊല്ലം കൊട്ടാരക്കരയിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം. കൊട്ടാരക്കര ആനക്കോട്ടൂർ മുണ്ടുപാറയിലാണ് സംഭവം. യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണറിൻ്റെ കൈവരി ഇടിഞ്ഞ് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. കിണറ്റിൽ ചാടിയ അർച്ചന(33), ആൺസുഹൃത്ത് ശിവ കൃഷ്ണൻ(23), ഫയർമാൻ സോണി എസ് കുമാർ (38) എന്നിവരാണ് മരിച്ചത്.

അർച്ചനയെ കിണറ്റിൽ നിന്നും രക്ഷപെടുത്തുമ്പോഴാണ് സോണിയുടെ മേൽ ചുറ്റുമതിൽ ഇടിഞ്ഞു വീണത്. തുടര്‍ന്ന് കരയ്ക്ക് നിന്ന ശിവയും കിണറ്റിലേക്ക് വീഴുകയായിരുന്നു. നാലു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ദുരന്തത്തിലേക്ക് നയിച്ചത് അർച്ചനയും സുഹൃത്തും തമ്മിലുള്ള തർക്കമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ശിവയും സുഹൃത്തുക്കളും വീട്ടിലിരുന്ന് മദ്യപിച്ചത് അർച്ചന ചോദ്യം ചെയ്തതിനെ ചൊല്ലി തർക്കമുണ്ടാകുകയും പിന്നാലെ അർച്ചന ജീവനൊടുക്കാൻ ശ്രമിക്കുകയുമായിരുന്നു. ഫയർമാൻ സോണി എസ് കുമാറിന്റെ മൃതദേഹം കൊട്ടാരക്കര ഫയർ സ്റ്റേഷനിൽ പൊതുദർശനത്തിന് വയ്ക്കും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഉച്ചയോടെയാകും സ്റ്റേഷനിൽ കൊണ്ടുവരുന്നത്.

Exit mobile version