കളമശ്ശേരിയിൽ വാഹനത്തിൽ നിന്ന് ലോഡ് ഇറക്കുന്നതിനിടെയുണ്ടായ അപകടത്തിൽ അതിഥിത്തൊഴിലാളിക്ക് ദാരുണാന്ത്യം. അസം സ്വദേശി അനിൽ പട്‌നായക്ക് ആണ് മരിച്ചത്. കളമശ്ശേരിയിലെ ഗ്ലാസ് ഫാക്ടറിയിലേക്ക് ഗ്ലാസ് ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കെട്ട് പൊട്ടിക്കുന്നതിനിടെ 18 ഗ്ലാസ്സുകൾ ദേഹത്തേക്ക് പതിക്കുകയായിരുന്നു.
വളരെയധികം ഭാരവും വലിപ്പവുമുള്ള ഗ്ലാസ്സുകളായിരുന്നു. കൂടെയുള്ളവർ ഗ്ലാസുകൾ നീക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ ഫയർഫോഴ്സെത്തി ഗ്ലാസ്സിൻറെ ചില്ലുകൾ പൊട്ടിച്ചാണ് അനിലിനെ പുറത്തെടുത്തത്. ഉടനെ കളമശ്ശേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

